പര്‍ദ്ദ പിന്‍വലിച്ചു, സീതയെന്തേ പിന്‍വലിച്ചില്ല...? പവിത്രന്‍ തീക്കുനി അനുഭവിച്ച തീക്കടല്‍..!

പര്‍ദ്ദ ആഫ്രിക്കയാണെന്നായിരുന്നു കവിതയുടെ ആദ്യവരി. രാത്രി ഏഴരയോടെ സ്വന്തം ഫെയ്സ്ബുക്ക് പേജിലാണ് പവിത്രന്‍ തീക്കുനി കവിത കുറിച്ചിട്ടത്. നേരം വെളുക്കും മുന്‍പ് കവിത പിന്‍വലിക്കേണ്ടി വന്നു. പുലര്‍ച്ചെ മൂന്ന് മണിക്കും രാത്രി ഏഴരയ്ക്കും ഇടയില്‍ പക്ഷെ സൈബര്‍ ലോകത്തെ ഒരുവിഭാഗം മൗലികവാദികള്‍ കവിെയ വളഞ്ഞാക്രമിച്ചു. അടുത്ത സുഹൃത്തുക്കളായ കവികള്‍ തീക്കുനിയെ ഉപദേശിച്ചു.‘പര്‍ദ്ദ പിന്‍വലിക്കുന്നതാണ് നല്ലത്’

ഭീഷണി ഭയന്നിട്ടല്ല കവിത പിന്‍വലിച്ചത്. പക്ഷെ കൈവെട്ടുമെന്ന് പോലും കവിക്ക് ഭീഷണിയുണ്ടായി. കവിത പിന്‍വലിച്ച ശേഷം പിന്‍വലിക്കരുതായിരുന്നുെവന്ന് പറഞ്ഞവരാരും കവിതയ്ക്കെതിരെ ഭീഷണി ഉയര്‍ന്നപ്പോള്‍ പ്രതിരോധിച്ചില്ലെന്നാണ് കവിയുടെ സങ്കടം. 

സിഎസ് മഹേഷ് എന്ന കവിയാണ് തീക്കുനിയോട് കവിത പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. ആഫ്രിക്കയെയും പര്‍ദ്ദയെയും അപമാനിക്കുന്നതാണ് കവിതയെന്ന് മഹേഷ് ഉപദേശിച്ചു. പര്‍ദ്ദയെ കുറിച്ച് എവിടെയോ വായിച്ച ലേഖനമാണ് കവിതയിെലത്തിച്ചത്. ആഫ്രിക്കയില്‍ അടിമ വ്യാപാരത്തിന് ഉപയോഗിച്ച വസ്ത്രമാണ് പര്‍ദ്ദയെന്ന് ലേഖനത്തിലുണ്ടായിരുന്നു. ഏതായാലും ആരെയും വിഷമിപ്പിക്കേണ്ടെന്ന് കരുതി  നേരത്തോട് നേരമാകും മുന്‍പെ  കവിത പിന്‍വലിച്ചു. 

പക്ഷെ കവിത പിന്‍വലിച്ചതോടെ അതാ വീണ്ടും പുകില്‍. വിഷയം മറുപക്ഷ മൗലികവാദികളുടെ ഉള്ളില്‍ക്കൊണ്ടു. പര്‍ദ്ദയെഴുതുന്നതിന് ഒരാഴ്ച മുന്‍പാണ് സീതയെന്ന പേരില്‍ തീക്കുനി മറ്റൊരു കവിതയെഴുതിയിട്ടത്. സീതയെന്ന കവിത പക്ഷെ തീക്കുനിക്ക് പിന്‍വലിക്കേണ്ടി വന്നില്ല.‘രാമാ നീ വാഴ്ത്തപ്പെട്ട സംശയത്തിന്റെ  രാജാവായിരുന്നു’ എന്നെഴുതിയിട്ടും കവി അന്ന് പിന്‍വലിച്ചില്ലെന്നാണ് മറുഭാഗത്തിന്‍റെ വാദം. സീതയെ കുറിച്ചെഴുതിയപ്പോള്‍ ആരും പ്രതികരിച്ചില്ലെന്നും ആരും ഭീഷണിപ്പെടുത്തിയില്ലെന്നും അതുകൊണ്ട് പിന്‍വലിച്ചില്ലെന്നും പവിത്രന്‍ തീക്കുനി തന്നെ പറയുന്നു. കവിയുടെ ആവിഷ്്ക്കാര സ്വാതന്ത്ര്യം സീതയ്ക്കും പര്‍ദ്ദയ്ക്കും രണ്ടാകുന്നതാണ് പുതിയ പ്രതിഷേധക്കാരുടെ പ്രശ്നം. ഏതായാലും പിന്‍വലിക്കപ്പെട്ട ശേഷമാണ് പര്‍ദ്ദയിത്ര ശ്രദ്ധ നേടിയത്. സീതയും...!