ഒരു മൽസരത്തിലും കളത്തിലിറങ്ങിയില്ല; പൗലോ ഡിബാല എവിടെ?

ഗ്രൂപ്പ് ഘട്ടം കടന്ന് പ്രീക്വാര്‍ട്ടര്‍ ജയിച്ച്, ക്വാര്‍ട്ടറില്‍ എത്തിയിട്ടും പൗലോ ഡിബാല എവിടെയെന്നാണ് അര്‍ജന്റൈന്‍ ആരാധകരുടെ ചോദ്യം. സ്കലോണി വജ്രായുധത്തെ നിര്‍ണായക മല്‍സരത്തിനൊളിപ്പിച്ചു വച്ചിരിക്കുന്നുവെന്ന് അവര്‍ തന്നെ ആശ്വാസം കൊള്ളുന്നു. ഓസ്ട്രേലിയക്കെതിരായ പ്രീക്വാര്‍ട്ടറില്‍ വാം അപ് ഏരിയയില്‍ താരത്തെ കണ്ടെങ്കിലും കളിക്കളത്തിലെത്തിയില്ല.  

സ്കലോണി കാത്തുവച്ചിരിക്കുകയാണോ ഡിബാലയെ. ഓസ്ട്രേലിയക്കെതിരെ പലകുറി ഓപ്പണ്‍ ചാന്‍സുകള്‍ പാഴായപ്പോള്‍ അര്‍ജന്റീനക്കാര്‍ അന്വേഷിച്ചു ഒരു ക്ലിനിക്കല്‍ ഫിനിഷറെ. ഡിബാലയെ. ഓസ്ട്രേലിയക്കെതിരെ വാം അപ് ഏരിയയില്‍ കണ്ടെങ്കിലും കളത്തിലിറങ്ങിയില്ല. നോക്കൗട്ട് ഘട്ടം കടുപ്പമേറിയതോടെ ഇനി ഡിബാലയെ മൈതാനത്തു കണ്ടേക്കാം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അറ്റാക്കിങ് മിഡ് ഫീല്‍ഡറായും, സ്ട്രൈക്കറായും തിളങ്ങുന്ന ഡിബാല സബ്സ്റ്റിറ്റ്യൂട്ടായി നെതര്‍ലന്റ്സിനെതിരെ ഇറങ്ങും എന്നും ആരാധകര്‍ കരുതുന്നു. ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍, നിര്‍ണായക കളികളില്‍  ഫിനിഷിങ് പോരായ്മ മറികടക്കാന്‍ സ്കലോണി റോമ സ്ട്രൈക്കര്‍ക്ക് അവസരം നല്‍കാനാണ് സാധ്യത. മൈതാനത്തെ  ബഹുമുഖ മുന്നേറ്റക്കാരനാണ് ഡിബാല. ഏതു ആക്രമണാത്മക പൊസിഷനിലും കളിക്കാന്‍ പര്യാപ്തമായവന്‍. അതുകൊണ്ടുതന്നെ ടീമിനുമുതല്‍ക്കൂട്ടായായ ഡിബാലയെ ക്വാര്‍ട്ടറില്‍ എത്തിയേക്കാം. താരത്തെ കളിക്കാന്‍ ഇറക്കാത്തതിനെതിരെ ട്രോളുകളും വ്യാപകമാണ്.  

ഖത്തര്‍മുഴുവന്‍ കാണിച്ചിട്ടെ മടക്കിയയക്കാവു എന്നാണ് ഒരു ഉപദേശം. പ്രധാനപ്പെട്ട സ്ഥലങ്ങള്‍ ഒന്നും വിട്ടുപോകരുതെന്ന് ചിലര്‍ പരിഹസിക്കുന്നു. എന്തായായും താരത്തെ കളിക്കാന്‍ ഇറക്കാത്തതില്‍  പിന്തുണയ്ക്കൊപ്പം പ്രതിഷേധവും ശക്തമാണ്.