ജോര്‍ജിന പോയാല്‍ കോടികളുടെ സ്വത്ത് പോകരുത്; കരാര്‍ ഉണ്ടാക്കി റൊണാള്‍ഡോ

 പോർച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കാളി ജോര്‍ജിനയുമായി കരാറുണ്ടാക്കി. ഭാവിയില്‍ വേര്‍പിരിയേണ്ടി വന്നാലും തന്റെ കോടികളുടെ സ്വത്ത് നഷ്ടമാവാതിരിക്കാനാണ് കരാര്‍. അതേസമയം ഓരോ മാസവും ജോര്‍ജിനയ്ക്ക് റോണോയുടെ കയ്യില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാകും. കുട്ടികളുമായുള്ള ബന്ധത്തിലും പ്രശ്നങ്ങളുണ്ടാവില്ലെന്നും കരാറിലുണ്ട്. 

 ജോര്‍ജിനയ്ക്ക് ഏകദേശം 89,40,000 രൂപയാണ്  ഓരോ മാസവും ലഭിക്കുക. വേർപിരിയുകയാണെങ്കിൽ ഈ തുക ഉയർത്താമെന്നാണ് ധാരണ. ‘സോയ് ജോർജിന’ എന്ന നെറ്റ്ഫ്ലിക്സ് സീരിസില്‍ കാണിക്കുന്ന ലാ ഫിൻക ഹൗസും ജോർജിനയ്ക്കു ലഭിക്കും. റൊണാൾഡോയ്ക്കും ജോർജിനയ്ക്കും അഞ്ച് മക്കളാണുള്ളത്: റൊണാൾഡോ ജൂനിയർ, ഈവ മരിയ, മാറ്റിയോ റൊണാൾഡോ, അലാന മാർട്ടിന, ബെല്ല എസ്മെറാൾഡ.

2016 മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിനയും ഡേറ്റിങ്ങിലാണ്. ഇറ്റാലിയൻ ഫാഷൻ സ്ഥാപനമായ ഗുച്ചിയുടെ റീട്ടെയ്ൽ സ്റ്റോറിൽവച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും വര്‍ഷങ്ങളായി റൊണാൾ‍ഡോയും ജോർജിനയും ഒരുമിച്ചാണു താമസം. ഇരുവരും വേർപിരിയുകയാണെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗദി പ്രോ ലീഗ് ക്ലബ് അൽ– നസ്റിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ കളിക്കുന്നത്.

Cristiano Ronaldo signed legal contract with girl friend Georgina