പടുകുഴിയില്‍ നിന്ന് കരകയറുമോ അര്‍ജന്റീന; രാജ്യത്തിന് പുതുശ്വാസമാകുന്ന കപ്പ്..!

അവിശ്വസനീയമാംവിധം പിരിമുറുക്കം നിറഞ്ഞ ഒരു ലോകകപ്പ് ഫൈനൽ. ആ രാത്രി പിന്നിട്ട് ദിവസങ്ങളായെങ്കിലും ലോകം മുഴുവനും പടര്‍ന്ന ഫുട്ബോള്‍ ലഹരിക്ക് മങ്ങലേറ്റിട്ടില്ല. പ്രത്യേകിച്ച് അർജന്റീനിയൻ ആരാധകർക്ക്. മെസി, അർജന്റീന എന്നീ വാക്കുകൾ ഓരോ ശ്വാസത്തിലും അലിഞ്ഞങ്ങനെ നില്‍ക്കുന്നു. അര്‍ജന്റീന വിജയം ഉറപ്പിച്ചത് മുതൽ അവിടുത്തെ തെരുവുകൾ നീലയും വെള്ളയും കലർന്ന കടലായി. കോടിക്കണക്കിന് ജനങ്ങളാണ് ആ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. ഒടുവിൽ കിരീടമണിഞ്ഞ് മടങ്ങിവന്ന നായകന്മാരെ അത്യാവേശത്തോടെ അവർ എതിരേറ്റു. എവിടെയും ആഘോഷം, ആഹ്ലാദം. എന്നാൽ ആര്‍ത്തുല്ലസിക്കുന്ന ഈ ജനതയുടെ യഥാര്‍ഥ ജീവിതം എന്താണ്? അവരുടെ രാജ്യത്തിന്റെ നിലയെന്താണ്? വിഡിയോ കാണാം: 

മഹത്തായ കായികനേട്ടം എന്നതിനപ്പുറം അര്‍ജന്റീനയിലെ ഓരോ പൗരനും ലോകകപ്പ് വിജയം ദൈനംദിന ജീവിതത്തിലെ എല്ലാ ദുരിതങ്ങളും മറക്കാനുള്ള ജീവാമൃതമായിരുന്നു. ആകെയുള്ള നാലരക്കോടി ജനങ്ങളില്‍ നാല്‍പ്പത് ശതമാനവും അതിദാരിദ്ര്യത്തിന്റെ പിടിയിലുള്ള രാജ്യം. അതിഭീകരമായ വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ, രാഷ്ട്രീയവൈരം, കായികവൈരം, വര്‍ഷങ്ങളായി തുടരുന്ന നയവൈകല്യങ്ങള്‍. ഇതെല്ലാം ചേര്‍ന്ന് തരിപ്പണമാക്കിയ സമ്പദ്ഘടന. 92 ശതമാനമാണ് നവംബറില്‍ രേഖപ്പെടുത്തിയ പണപ്പെരുപ്പം. അതായത് 2021 നവംബറിനെ അപേക്ഷിച്ച് ഇരട്ടി വിലക്കയറ്റം. അതിനുമുന്‍പുള്ള മൂന്നുവര്‍ഷവും ഇതുതന്നെയായിരുന്നു സ്ഥിതി. സമ്പാദ്യവും സ്വപ്നങ്ങളുമില്ലാത്ത വലിയൊരു സമൂഹത്തെയാണ് ഇത് സൃഷ്ടിച്ചത്. നൂറ്റാണ്ട് മുന്‍പ് ലോകത്ത് മുന്‍നിരയില്‍ നിന്ന സമ്പദ്ഘടനകളില്‍ ഒന്നാണ് ഈ നിലയിലേക്ക് കൂപ്പുകുത്തിയത്. അവിടെയാണ് ലോകകപ്പ് നേട്ടത്തിന് അസാധാരണ മഹത്വം കൈവരുന്നത്. ഭിന്നിച്ച് ഭിന്നിച്ച് ഒന്നിലും പ്രതീക്ഷയില്ലാതെ നില്‍ക്കുന്ന ജനതയെ ചുരുങ്ങിയ സമയത്തേക്കെങ്കിലും ഒന്നിപ്പിച്ചു എന്നതാണ് അതിന്റെ ഏറ്റവും വലിയ നേട്ടം. 

ലോകകപ്പിന്റെ കവറേജിനിടെ ബിബിസിയുടെ ബ്യൂനസ് ഐറിസ് ലേഖകന്‍ ഒരു പരാമര്‍ശം നടത്തി. വിലക്കയറ്റം പൂജ്യത്തിലെത്തിക്കണോ മെസ്സി ലോകകപ്പ് നേടണോ എന്ന് അര്‍ജന്റീനക്കാരോട് ചോദിച്ചാല്‍ ലോകകപ്പ് മതി എന്നായിരിക്കും അവര്‍ പറയുക എന്ന്. മെസ്സിയിലുള്ള പ്രതീക്ഷയുടെ ഒരംശം പോലും ഭരണനേതൃത്വത്തിലോ രാഷ്ട്രീയനേതൃത്വത്തിലോ ജനങ്ങള്‍ക്കില്ല എന്നതിന്റെ തെളിവുകൂടിയായിരുന്നു ഈ വിലയിരുത്തല്‍. 

ഫുട്ബോള്‍ ജീവനാണ്. ഒരുമയുടെ പ്രതീകമാണ്. പക്ഷേ ഒരുമ രാജ്യവും രാജ്യാന്തര ടൂര്‍ണമെന്റുകളും ദേശീയ താരങ്ങളുമാകുമ്പോള്‍ മാത്രം. ലോകകപ്പിലും കോപ്പ അമേരിക്കയും അടക്കമുള്ള രാജ്യാന്തര ടൂര്‍ണമെന്റുകള്‍ വരുമ്പോള്‍ ഒന്നാകുന്ന ജനത അല്ലാത്ത സമയത്ത് ക്ലബുകളുടെ പേരില്‍ ശത്രുക്കളാകുന്നു. രാഷ്ട്രീയനേതൃത്വങ്ങള്‍ ഇത് മുതലെടുത്ത് രംഗത്തിറങ്ങുന്നതോടെ അകല്‍ച്ച വളരെ വലുതാകുന്നു. അതേക്കുറിച്ചുള്ള തിരിച്ചറിവിലേക്ക് കൂടിയാണ് മൂന്നര പതിറ്റാണ്ടിനുശേഷമുള്ള ലോകകപ്പ് വിജയം അര്‍ജന്റീനിയന്‍ ജനതയെ, പ്രത്യേകിച്ച് യുവതലമുറയെ നയിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ നേരിടുന്ന ഭയാനകമായ ദുരിതങ്ങളോടുള്ള അസ്വസ്ഥത കൂടി അവര്‍ ആഘോഷങ്ങളില്‍ പ്രതിഫലിപ്പിക്കുന്നു. 

ബ്യൂനസ് ഐറിസിനെയും റൊസാരിയോയിലെ തെരുവുകളെയുമെല്ലാം ഈ ദിവസങ്ങളില്‍ ലോകം പാടിപ്പുകഴ്ത്തുന്നുണ്ടായിരുന്നു. എന്നാല്‍ വീടില്ലാത്തതുകൊണ്ട് ആ തെരുവുകളില്‍ അഭയം തേടുന്നവര്‍ പുറംലോകത്ത് ചര്‍ച്ചയല്ല. ചവറ്റുകൊട്ടകളില്‍ നിന്ന് കിട്ടാവുന്നതൊക്കെ പെറുക്കിവിറ്റ് ഉപജീവനം കഴിക്കുന്നവരും അവരിലുണ്ട്. അവരൊക്കെയാണ് ആ തെരുവുകളില്‍ ഞായറാഴ്ച മുതല്‍ ഉന്മാദനൃത്തം ചവിട്ടിയത്.

അതി ഭീമമായ കടബാധ്യതയാണ് അര്‍ജന്റീനയ്ക്കുള്ളത്. സാമ്പത്തിക വളര്‍ച്ചാനിരക്ക് വര്‍ഷങ്ങളായി നെഗറ്റിവില്‍ തുടരുന്നു. ഇതെല്ലാം ദൈനംദിന ജീവിതത്തെ അങ്ങേയറ്റം ബാധിക്കുകയും ചെയ്യുന്നു. തൊഴിലില്ല, വരുമാനമില്ല, പൊതുസേവനങ്ങള്‍ പരിമിതം. കറന്‍സി മൂല്യവും പരിതാപകരം. ആളോഹരി വരുമാനം 15 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍. ഇതിനെല്ലാം പുറമേയാണ് കോവിഡ് കാരണമുണ്ടായ തകര്‍ച്ച. കൃഷിയാണ് അര്‍ജന്റീനക്കാരുടെ പ്രധാന ജീവിതമാര്‍ഗം. സോയ, ഗോതമ്പ്, മാംസം എന്നിവയെല്ലാം വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍ വരുമാനം കമ്മി. കറന്‍സി മൂല്യവും സമ്പദ്ഘടനയും മെച്ചപ്പെടുത്താന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് കൈക്കൊള്ളുന്ന നടപടികളും പ്രതിസന്ധി വര്‍ധിപ്പിക്കുന്നുവെന്നാണ് വിമര്‍ശകരുടെ നിലപാട്. ഇതെല്ലാം താങ്ങേണ്ടി വരുന്ന ജനതയുടെ വിങ്ങല്‍ തിരിച്ചറിയുന്നവരാണ് അവിടത്തെ ഫുട്ബോള്‍ താരങ്ങള്‍. മെസ്സിയുടെയും സഹ താരങ്ങളുടെയും മിടുക്കും കോച്ച് സ്കലോനിയുടെ കണ്ണീരുമെല്ലാം ആ ജനതയോടുള്ള പ്രതിബദ്ധതയിൽ നിന്ന് ഉയിര്‍കൊണ്ടതാണ്. ഈ ടീം കളിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്, അവര്‍ക്ക് വ്യക്തിപരമായ ഈഗോകളില്ല, എല്ലാവരും ടീമിനും രാജ്യത്തിനും വേണ്ടിയാണ് കളിക്കുന്നതെന്ന സ്കലോനിയുടെ വാക്കുകള്‍ തന്നെ തെളിവ്. 

ലോകകപ്പ് നേടിയ താരങ്ങൾ കപ്പുമായി നേരെ പോയത് സാധാരണക്കാരായ ജനങ്ങൾക്കിടയിലേക്കാണ്. ആദ്യം പ്രസിഡന്റിനെ കാണാനോ കൊട്ടാരത്തിൽ ആഘോഷങ്ങൾ നടത്താനോ അവർ ശ്രമിച്ചില്ല. അത്തരം ഔപചാരികത കാണിക്കാൻ മെസ്സിക്കും സംഘത്തിനും സമയവും മനസ്സും ഉണ്ടായിരുന്നില്ല. 

അർജന്റീനിയന്‍ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് പക്ഷേ രാഷ്ട്രീയമുണ്ടായിരുന്നു. ലാറ്റിമേരിക്കൻ ഇടതുപക്ഷ ആദർശങ്ങളോട് അദ്ദേഹം സമരസപ്പെട്ടിരുന്നു. എന്നാൽ മെസ്സിയും കൂട്ടരും അരാഷ്ട്രീയരാണ് എന്നുതന്നെ പറയേണ്ടി വരും. അവർ പതാക ഏന്തുന്നു, എല്ലാവരെയും പ്രതിനിധീകരിക്കുന്നു. അതാണ് മഹത്തരം എന്ന് ഉറക്കെ പറയുന്നു. അതുകൊണ്ട് തന്നെ ടീമിന്റെ വിജയത്തിന്റെ മഹത്വം മുതലെടുക്കാൻ ഒരു രാഷ്ട്രീയ ശക്തിയും ശ്രമിക്കില്ല എന്നും അവിടുത്തെ മാധ്യമങ്ങൾ എഴുതുന്നു. എന്നാൽ ലോക ഫുട്ബോള്‍ കിരീടം ദശാബ്ദങ്ങളായി തുടരുന്ന കറുത്ത നാളുകള്‍ക്ക് അവസാനം കൊണ്ടുവരുമോ? അടുത്ത വർഷം ഒക്ടോബറിലാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലുള്ള ഇടതുപക്ഷ സർക്കാരിനെ താഴെയിറക്കാൻ‌ ജനപ്രിയ സ്ഥാനാര്‍ഥികളെ തേടുകയാണ് ഭരണപക്ഷം. 1986ല്‍ അര്‍ജന്റീന ലോകകപ്പ് നേടിയത് പട്ടാളഭരണത്തിന്റെ പതനത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ്. അതുപോലെ ഈ കിരീടവും അവരെ നിലയില്ലാക്കയത്തിൽ നിന്ന് കരകയറ്റുമെന്ന് ആ ജനത പ്രതീക്ഷിക്കുന്നുണ്ട്. ആരാധിച്ച് സിരകളിലേറ്റിയ ഫുട്ബോൾ തന്നെ ആ മനുഷ്യരെ കൈപിടിച്ചുയർത്തുമെങ്കിൽ അത് ലോകചരിത്രമാകും.

കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ട് ജീവിതം നരകതുല്യമാക്കിയ ഭരണകൂടങ്ങള്‍ക്ക് പ്രതീകാത്മകമായി നല്‍കിയ മറുപടിയായാണ് അര്‍ജന്റീനയില്‍ വലിയൊരു വിഭാഗം ലോകകപ്പ് വിജയത്തെ കാണുന്നത്. ഈ സ്വപ്നനേട്ടം ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു. ലാറ്റിനമേരിക്കയിലും പുറത്തും അതിന് തുടര്‍ച്ചയുണ്ടാകുമെന്ന കടന്ന ചിന്ത പോലും അസ്ഥാനത്തല്ലെന്ന് പറയേണ്ടിവരും.