മെസി കളിച്ചില്ല; ഇന്റര്‍ മയാമിയോട് വിശദീകരണം തേടി ഹോങ്കോങ് സര്‍ക്കാര്‍

ഹോങ്കോങ്ങില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ മെസി കളിക്കാതിരുന്ന സംഭവത്തില്‍ എംഎല്‍എസ് ക്ലബ് ഇന്റര്‍ മയാമിയോട് വിശദീകരണം തേടി ഹോങ്കോങ് സര്‍ക്കാര്‍. ഫെബ്രുവരി നാലിന് ഇന്റര്‍ മയാമി ഹോങ്കോങ്  ഇലവനെ നേരിട്ട മല്‍സരത്തില്‍ നിന്ന് പരുക്കിനെ തുടര്‍ന്ന് മെസി വിട്ടുനിന്നിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം ജപ്പാന്‍ ക്ലബിനെതിരെ ഇന്റര്‍ മയാമിക്കായി മെസി കളിക്കുകയും ചെയ്തു. ഇതോടെ വലിയ പ്രതിഷേധമാണ് മെസിക്ക് നേരെ ഉയര്‍ന്നത്.

പതിനായിരം രൂപ വരെ ടിക്കറ്റ് നിരക്ക് നല്‍കി കളി കാണാന്‍ എത്തിയവരെ നിരാശപ്പെടുത്തിയാണ് മെസി ഹോങ്കോങ് ഇലവനെതിരായ മല്‍സരത്തില്‍ നിന്ന് വിട്ടുനിന്നത്. ആരാധകരെ പോലെ തങ്ങളും മെസി വിട്ടുനിന്നതില്‍ നിരാശരാണെന്ന് ഹോങ്കോങ് കായിക മന്ത്രാലയം പ്രതികരിച്ചു. മൂന്ന് ദിവസത്തിന് ശേഷം ജപ്പാനില്‍ മെസി വളരെ സ്വതന്ത്രമായി കളിക്കുന്നത് കണ്ടു. സംഘാടകര്‍ക്കും ടീമുകള്‍ക്കും ഇതിന്റെ കാരണം വ്യക്തമാക്കാനാവും എന്നാണ് കരുതുന്നതെന്നും ഹോങ്കോങ് കായിക മന്ത്രാലയം പ്രതികരിച്ചു. 

മെസി ഫീല്‍ഡിലേക്ക് എത്താതിരുന്നതോടെ ടിക്കറ്റ് തുക തിരികെ നല്‍കണം എന്ന ആരാധകരുടെ മുറവിളി ശക്തമാണ്. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടര്‍ന്നാണ് മെസി കളിക്കാതിരുന്നതെന്ന് ഇന്‍റര്‍ മയാമി കോച്ച് ജെറാര്‍ദോ മാര്‍ട്ടീനോ വ്യക്തമാക്കിയിരുന്നു. ഹോങ്കോങ്ങില്‍ കളിക്കാന്‍ സാധിക്കാത്തതില്‍ മെസിയും ക്ഷമ ചോദിച്ചിരുന്നു. 

പരുക്കിനെ തുടര്‍ന്ന് ഹോങ്കോങ്ങില്‍ സൗഹൃദ മല്‍സരം കളിക്കാന്‍ സാധിക്കാതിരുന്നതില്‍ ഖേദിക്കുന്നു. മറ്റൊരു ദിവസം ഇവിടേക്ക് എത്തി കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്, മെസി പറഞ്ഞു. എന്നാല്‍ മെസിയുടെ ക്ഷമാപണവും സ്വീകരിക്കാന്‍ ഹോങ്കോങ്ങിലെ ആരാധകര്‍ തയ്യാറായിട്ടില്ല. മെസിയുടെ ഇരട്ടമുഖമാണ് ഇവിടെ വ്യക്തമാവുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം. 

Hong Kong government seek explanation from Inter Miami