വെള്ള കാര്‍ഡ് ഉയര്‍ത്തി റഫറി; ചരിത്രത്തിലാദ്യം, വെള്ള കാര്‍ഡ് എന്നാല്‍..

പോര്‍ച്ചുഗല്‍ വുമണ്‍സ് സോക്കര്‍ കപ്പില്‍ റഫറി വെള്ള കാര്‍ഡ് ഉയര്‍ത്തി. മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ പുറത്തെടുക്കാറുള്ള റഫറി ഇത്തവണ വെള്ള കാര്‍ഡ് ഉയര്‍ത്തിയപ്പോള്‍ കാണികള്‍ ആദ്യമെന്ന് അമ്പരന്നു. പിന്നെ നിറഞ്ഞ കയ്യടി. ‌ടൂര്‍ണമെന്റില്‍ ബെന്‍ഫിക്കയും സ്‍പോര്‍ട്ടിങ് ലിസ്ബണും തമ്മിലുള്ള മത്സരത്തിനിടെ 44–ാം മിനുറ്റിലായിരുന്നു റഫറിയായ കാതറിന കാംപോസിന്റെ കാര്‍ഡ് പ്രയോഗം. 

മത്സരത്തിനിടെ ഗ്രൗണ്ടിന് പുറത്ത് തളര്‍ന്ന് വീണ ആരാധകനെ ചികിത്സിച്ച മെഡിക്കല്‍ സ്റ്റാഫിനാണ് വെള്ള കാര്‍ഡ് ലഭിച്ചത്. തളര്‍ന്ന് വീണയാളെ ശ്രൂശൂഷിക്കാന്‍ ഓടിയെത്തിയ ഇരു ടീമുകളുടെയും മെഡിക്കല്‍‌ സ്റ്റാഫിനെ അഭിനന്ദിച്ചായിരുന്നു കാര്‍ഡ്. ഫെയര്‍ പ്ലേ അഥവാ കളിക്കളത്തിലെ നല്ല പ്രവര്‍ത്തികള്‍ക്ക് ഉദ്യോഗസ്ഥരെയും ക്ലബുകളെയും പ്രശംസിക്കാനും പ്രോത്സാഹിപ്പിക്കാനും വേണ്ടി ആവിഷ്‌കരിച്ചതാണ് വെള്ള കാര്‍ഡ്.

മത്സരത്തിനിടെ മെഡിക്കല്‍ സ്റ്റാഫിന്റെ നല്ല പ്രവര്‍ത്തിയെ പരിഗണിച്ചാണ് റഫറി കാര്‍ഡ് അനുവദിച്ചത്. ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായാണ് വെള്ള കാര്‍ഡ് ഉപയോഗിക്കപ്പെടുന്നത്.