സ്പെയിനെതിരെ ജര്‍മനിക്കിന്ന് ജീവന്മരണപോരാട്ടം; ആര് ജയിക്കും?

സ്പെയിനെതിരെ ജര്‍മനിക്കിന്നുള്ളത് കേവലമൊരു മല്‍സരം മാത്രമല്ല. ഫൈനലിനുതുല്യമായൊരു ജീവന്‍മരണക്കളിയാണ്. തോല്‍വി ജര്‍മനിക്ക് പുറത്തെയ്ക്കുള്ള വഴിതുറക്കുമ്പോള്‍, ജര്‍മന്‍ പരാജയം സ്പെയിനെ സുരക്ഷിതമാക്കുകയും ചെയ്യും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മല്‍സരം.

ജപ്പാനെതിരായ പരാജയത്തില്‍ ആകെ ആടിയുലഞ്ഞുനില്‍ക്കുന്ന ജര്‍മനിയ്ക്ക് സ്പെയിനിന്റെ അക്രമാസക്തരായ ചെറുപ്പക്കാരെ പിടിച്ചുനിര്‍ത്താനാകുമോ എന്നതിലറിയാം ഈ ലോകകപ്പിലെ ജര്‍മന്‍ തുടര്‍ച്ച. അതിനവര്‍ക്കായില്ലെങ്കില്‍ അക്കഥ അവിടെ കഴിയും. അതിറഞ്ഞാകും ജര്‍മനിയുടെ തന്ത്രങ്ങള്‍. പ്രത്യാക്രമണങ്ങള്‍ക്ക് പേരുകേട്ടവരെങ്കിലും ജപ്പാനെതിരെ ആ തന്ത്രം വിലപ്പോയില്ല. ഒരു ക്ലിനിക്കല്‍ ഫിനിഷറുടെ അഭാവവും ജര്‍മന്‍ നിരയില്‍ പ്രകടമായി. ഗ്രൂപ്പില്‍ ഏറ്റവും സാധ്യതകല്‍‌പ്പിച്ച ടീമുകളിലൊന്നാണിപ്പോള്‍ എങ്ങുമെത്താതെ നില്‍ക്കുന്നത്. 

എന്നാല്‍ ഏതുഘട്ടത്തിലും തിരിച്ചുവരാനുള്ള ശക്തിയും മാനസീക ബലവും  ജര്‍മന്‍രക്തത്തിലുണ്ടെന്നിരിക്കെ സ്പെയിന്‍ എതിരാളികളെ വിലകുറച്ചുകാണുന്നില്ല. 2010നു ശേഷം ലോകകപ്പില്‍ ഓര്‍ക്കാന്‍ നല്ലതൊന്നുമില്ല സ്പെയിന്. അതുമറികടക്കാനുള്ള ശ്രമത്തിലാണ് ഇക്കുറി അവര്‍. ഏഴുഗോളടിച്ച് കോസ്റ്റാറിക്കയുടെ ഇടനെഞ്ചുതകര്‍ത്തിട്ടും സ്പാനിഷ് നിരയുടെ ഗോള്‍ ദാഹം ശമിച്ചിട്ടില്ല.

ഗണിതതുല്ല്യമായ പാസുകളുമായി ക്രിയേറ്റീവ് മിഡ്ഫീല്‍ഡറുടെ ചുമതല ഭംഗിയായി വിനിയോഗിക്കുന്നുണ്ട് ഗാവി. കോസ്റ്റാറിക്കക്കെതിരെ അത്ര കോണളവിലും, കൃത്യതയിലുമാണ് ഗാവി സഹകളിക്കാര്‍ക്ക് പാസെത്തിച്ചത്. പെദ്രിയും, അന്‍സു ഫാറ്റിയുമൊക്കെ മികച്ചഫോമിലാണെന്നിരിക്കെ ജര്‍മനി പാടുപെടാനാണ് സാധ്യത. പരാജയം പ്രതിസന്ധിയിലാക്കുമെന്നിരിക്കെ കരുതലോടെയാകും സ്പെയിനും ഇറങ്ങുക. 

Spain vs Germany: Clash of contrasts promises to be the game of the group stage