കഞ്ചാവ് വീട്ടില്‍ വളര്‍ത്താം, കൈവശം വയ്ക്കാം; നിയമവിധേയമാക്കി ജര്‍മനി

ഏപ്രില്‍ മുതല്‍ കഞ്ചാവ് കൈവശം വയ്ക്കുന്നതും വീട്ടില്‍ വളര്‍ത്തുന്നതും നിയമവിധേയമാക്കി ജര്‍മ്മന്‍ പാര്‍ലമെന്‍റ്. മെഡിക്കല്‍ അസോസിയേഷനുകളുടെ എതിര്‍പ്പ് മറികടന്നാണ് കഞ്ചാവിന്‍റെ ഉപയോഗം നിയമവിധേയമാക്കുന്നത്. പുതിയ നിയമപ്രകാരം നിയന്ത്രിതമായി കഞ്ചാവ് കൃഷി ചെയ്യുവാനും വ്യക്തിഗത ഉപയോഗത്തിനായി പ്രതിദിനം 25 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനും സാധിക്കും. വീട്ടിൽ മൂന്ന് ചെടികൾ വരെ വളര്‍ത്താനാണ് അനുമതിയുള്ളത്. ഇതോടുകൂടി കഞ്ചാവ് കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും അയഞ്ഞ നിയമങ്ങളുള്ള യൂറോപ്പിലെ രാജ്യമായി ജര്‍മനി മാറും.

കരിഞ്ചന്തയിൽ നിന്ന് ലഭിക്കുന്ന കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തിൽ ജർമനിയിൽ കുത്തനെ വർദ്ധനവുണ്ടായതായതിന്‍റെ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായുള്ള കഞ്ചാവിന്‍റെ ഉപയോഗം നിയമവിധേയമാക്കുന്നതെന്ന് ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. ഏത് സാഹചര്യത്തിലും ഇത്തരത്തില്‍ വിവാദ നിയമത്തെ അംഗീകരിക്കരുതെന്ന് ആരോഗ്യമന്ത്രി കാൾ ലൗട്ടർബാക്ക് വോട്ടെടുപ്പിന് മുന്‍പ് ആവശ്യപ്പെട്ടിരുന്നു. പുതിയ നിയമം യുവാക്കളിലെ ആരോഗ്യ പ്രശ്നങ്ങള്‍ വർദ്ധിപ്പിക്കുമെന്ന് വാദിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്

മെഡിക്കൽ അസോസിയേഷനുകളും വിവിധ ആരോഗ്യ സംഘടനകളും നിയമത്തെ വ്യാപകമായി വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഞ്ചാവ് ഉപയോഗം കേന്ദ്ര നാഡീവ്യൂഹത്തിന്‍റെ വികാസത്തെ ബാധിക്കുമെന്ന് വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് സൈക്കോസിസ്, സ്കീസോഫ്രീനിയ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. തുടർച്ചയായ ഉപയോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, കാൻസര്‍ എന്നിവയ്ക്കും കാരണമാകാം. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകര്‍ക്കുമെന്നും വിദഗ്ദര്‍ പറയുന്നു.

ജര്‍മന്‍ കാനബീസ് അസോസിയേഷന്‍ പറയുന്നത് പ്രകാരം കരിഞ്ചന്തയില്‍ ലഭിക്കുന്ന കഞ്ചാവില്‍ മണൽ, ഹെയർസ്പ്രേ, ടാൽക്കം പൗഡർ, മസാലകൾ, ഗ്ലാസ്, ലെഡ് എന്നിവ കലര്‍ത്താറുണ്ട്. 100 മടങ്ങ് വീര്യമുള്ള ഹെറോയിൻ അല്ലെങ്കിൽ സിന്തറ്റിക് കന്നാബിനോയിഡുകളും കലര്‍ത്താറുണ്ടെന്ന് വിദഗ്ധർ പറയുന്നു.

2021ല്‍ മാൾട്ടയിലും 2023ല്‍ ലക്‌സംബർഗിലും കഞ്ചാവിന്‍റെ ഉപയോഗം നിയമവിധേയമാക്കിയിരുന്നു. വളരെക്കാലമായി നെതർലാൻഡ്‌സിലും കഞ്ചാവിന്‍റെ ഉപയോഗം നിയമവിധേയമാണ്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നെതർലാൻഡ്‌സിന്‍റെ ചില ഭാഗങ്ങളില്‍ വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും കഞ്ചാവ് വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്.

Germany legalized personal use and cultivation of cannabis