ഗൂഗിള്‍ മാപ്പ് നോക്കി പോയി; എത്തിയത് വിഷജന്തുക്കളുള്ള കാട്ടില്‍; വലഞ്ഞ് സഞ്ചാരികള്‍

ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച ജർമ്മൻ വിനോദ സഞ്ചാരികൾ എത്തിപ്പെട്ടത് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത കാട്ടില്‍. ജർമ്മൻ വിനോദ സഞ്ചാരികളായ ഫിലിപ്പ് മെയ്റും മാർസെൽ ഷോയിനുമാണ് വഴിതെറ്റി വനം പ്രദേശത്തോട് ചേർന്ന് കിടക്കുന്ന അതീവ അപകടമേഖലയായ സ്ഥലത്ത് അകപ്പെട്ടത്.  ഉഗ്രവിഷമുള്ള പാമ്പുകളും ചീങ്കണ്ണികളുമാണ് സ്ഥലത്തുണ്ടായിരുന്നത്.

കെയ്ൻസിൽ നിന്ന് ബമാഗയിലേക്കുള്ള യാത്രയിലാണ് വഴിയറിയാനായി ഇരുവരും ഗൂഗിള്‍ മാപ്പുപയോഗിച്ചത്. എന്നാല്‍ ഗൂഗിള്‍ മാപ്പിലെ വഴി നോക്കി എത്തിപ്പെട്ടതാകട്ടെ വിജനമായ കാട്ടുപ്രദേശത്തും. വിജനമായ വഴിയിലൂടെ 37 മൈൽ ഓടിച്ചതിന് ശേഷം ഇവരുടെ വാഹനം ചെളിയിൽ താഴ്ന്ന് പോയി. വാഹനം ഉയര്‍ത്താന്‍ കഴിയാത്തതിനാല്‍ പിന്നീട് ഇരുവരും വാഹനം ഉപേക്ഷിച്ച് വന്ന വഴിയെ നടക്കുകയായിരുന്നു. ഒരാഴ്ചയിലേറെ ദിവസം കാൽനട യാത്ര ചെയ്താണ് സഞ്ചാരികള്‍ തിരികെ സുരക്ഷിതമായ ഒരു സ്ഥാനത്ത് എത്തിച്ചേര്‍ന്നത്. മോശം കാലാവസ്ഥ വരെ അനുഭവിച്ചായിരുന്നു ഇവരുടെ യാത്ര.

കാട്ടിലൂടെയുള്ള യാത്ര ഒരു സിനിമ പോലെയാണ് അനുഭവപ്പെട്ടതെന്നും കഴിഞ്ഞതൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല, ജീവൻ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷപോലും നഷ്ടപ്പെട്ടിരുന്നുവെന്നും സഞ്ചാരികള്‍ പറയുന്നു. ഒരാഴ്ച നടന്നതിനു ശേഷം കോയൻ എന്ന പട്ടണത്തിലാണ് ഇവര്‍ എത്തിച്ചേര്‍ന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് ജർമ്മൻ വിനോദ സഞ്ചാരികൾ സുരക്ഷിതരാണെന്ന് അറിഞ്ഞതില്‍ കമ്പനിക്ക് ആശ്വാസമുണ്ടെന്നായിരുന്നു സംഭവത്തിൽ ഗൂഗിൾ പ്രതിനിധിയുടെ പ്രതികരണം. ഒപ്പം വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗൂഗിള്‍ മാപ്പുപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ വഴി തെറ്റുന്നത് ആദ്യമായല്ല, രാത്രി കാലത്ത് ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നവര്‍ പരിചിതമല്ലാത്തതും ചെറിയ വഴികളും തിരഞ്ഞെടുക്കാത്തതാണ് ഉചിതം.