ഇനി മുംബൈയുടെ ബാറ്റിങ് കോച്ച്; ഐപിഎല്ലിൽ നിന്ന് വിരമിച്ച് കെയ്റൻ പൊള്ളാർഡ്

രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചതിന് പിന്നാലെ ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം കെയ്റൻ പൊള്ളാർഡ്. നേരത്തെ ഇനി വരുന്ന സീസണിൽ പൊള്ളാർഡിനെ ടീമിൽ നിലനിർത്തേണ്ടെന്ന് മുംബൈ ഇന്ത്യൻസ് തീരുമാനിച്ചിരുന്നു. എന്നാൽ ഇനി പുതിയ റോളിലായിരിരിക്കും പൊള്ളാർഡിനെ മുംബൈ ഇന്ത്യൻസിൽ കാണുവാനാകുക. ബാറ്റിങ് പരിശീലകനെന്ന നിലയിൽ 35കാരൻ മുംബൈക്കൊപ്പം തുടരും.

മുംബൈ ഇന്ത്യൻസിന് തലമുറമാറ്റം വേണമെന്ന കാര്യം അംഗീകരിക്കുന്നുവെന്നും മുംബൈ കുപ്പായത്തിൽ കളിക്കാനായില്ലെങ്കിൽ അവർക്കെതിരെ ഒരിക്കലും കളിക്കാൻ തനിക്ക് കഴിയില്ല എന്നതിനാലാണ് ഐപിഎല്ലിൽ നിന്ന് വിരമിക്കുന്നതെന്നും പൊള്ളാർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.

35കാരനായ താരം 2010 മുതൽ മുംബൈ ഇന്ത്യൻസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു.  ഐ.പി.എൽ കണ്ട ഏറ്റവും മികച്ച വിദേശ താരങ്ങളിലൊരാളായ പൊള്ളാർഡ്, 13 സീസണുകളിൽ മുംബൈയുടെ ജഴ്സിയണിഞ്ഞ ശേഷമാണ് കളി മതിയാക്കിയിരിക്കുന്നത്. മുംബയ്‌ക്കൊപ്പം  അഞ്ച് ഐ.പി.എൽ കിരീട നേട്ടങ്ങളിലും പൊള്ളാർഡ് ഉണ്ടായിരുന്നു. മാത്രമല്ല ഒരു  ഐ.പി.എൽ ടീമിനായി  100 മത്സരങ്ങളിലെങ്കിലും കളത്തിലിറങ്ങിയ അപൂർവം താരങ്ങളിൽ ഒരാള് കൂടിയാണ് കെയ്റൻ പൊള്ളാർഡ്. കഴിഞ്ഞ 13 വർഷവും മുംബൈ മധ്യനിരയുടെ നെടുന്തൂണായും മീഡിയം പേസറായും പൊള്ളാർ‍ഡുണ്ടായിരുന്നു.

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശതാരമായാണ് പൊള്ളാർഡ് ഐപിഎൽ കരിയർ അവസാനിപ്പിക്കുന്നത് . 189 മത്സരങ്ങളാണ് ഐപിഎല്ലിൽ പൊള്ളാർഡ് കളിച്ചത്. 171 ഇന്നിങ്സുകളിൽനിന്നായി 147.32 സ്ട്രൈക്ക് റേറ്റിൽ 3412 റൺസ് താരം നേടിയിട്ടുണ്ട്. 16 അർധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 

ഇന്നാണ് നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നൽകാനുള്ള അവസാന തീയതി. ഐപിഎൽ സീസണു വേണ്ടിയുള്ള താര ലേലം ഡിസംബർ 23ന് നടക്കും. ഇത്തവണ കൊച്ചിയിലാണ് ഐപിഎൽ ലേലം നടത്തേണ്ടത്.

Kieron Pollard announces retirement from playing IPL, appointed as Batting Coach for Mumbai Indians