മുംബൈക്ക് ഇനിയും ടോപ് 4ല്‍ എത്താം; വഴികള്‍ ഇങ്ങനെ

ഒരു തോല്‍വിയിലേക്ക് കൂടി വീണാല്‍ ഈ സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തേക്ക് പോകുന്ന ആദ്യ ടീമാവും മുംബൈ ഇന്ത്യന്‍സ്. ഹര്‍ദിക്കിന് കീഴില്‍ ഒരു യൂണിറ്റ് എന്ന് പോലും അവകാശപ്പെടാനാവാത്ത വിധം മുംബൈ ഇന്ത്യന്‍സ് മാറിയപ്പോള്‍ 11 കളിയില്‍ നിന്ന് നേടിയത് മൂന്ന് ജയം മാത്രം. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് അവര്‍. മൂന്ന് ലീഗ് മല്‍സരങ്ങള്‍ മാത്രമാണ് മുംബൈക്ക് മുന്‍പില്‍ ഇനിയുള്ളത്. എന്നാല്‍ സാധ്യത വിരളമാണ് എങ്കിലും, കണക്കുകളില്‍ ഇപ്പോഴും പ്ലേഓഫിലെത്താനുള്ള വഴി മുംബൈക്ക് മുന്‍പില്‍ പൂര്‍ണമായും അടഞ്ഞിട്ടില്ല. 

പ്ലോഓഫ് സാധ്യത നിലനിര്‍ത്തണം എങ്കില്‍ മൂന്ന് കാര്യങ്ങളാണ് മുംബൈക്ക് അനുകൂലമായി വരേണ്ടത്. ആദ്യം ഇനിയുള്ള മൂന്ന് മല്‍സരങ്ങളും മുംബൈക്ക് ജയിക്കണം. എന്നാല്‍ അതും വെല്ലുവിളി നിറഞ്ഞതാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, ലക്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകളാണ് മുംബൈയുടെ മുന്‍പിലേക്ക് ഇനി എത്തുന്നത്. 

നിലവിലെ സാഹചര്യത്തില്‍ മുംബൈ പ്ലേഓഫില്‍ എത്തണം എങ്കില്‍ മറ്റൊരു ടീമും ഇനി 12 പോയിന്റിന് മുകളില്‍ എത്തരുത്. ഹൈദരാബാദ്, ലക്നൗ, ചെന്നൈ എന്നീ ടീമികള്‍ക്ക് ഇപ്പോള്‍ 12 പോയിന്റാണ് ഉള്ളത്. ഈ ഫ്രാഞ്ചൈസികളില്‍ രണ്ട് പേരെങ്കിലും ഇനി വരുന്ന അവരുടെ എല്ലാ ലീഗ് മത്സരങ്ങളിലും തോല്‍ക്കണം. 16 പോയിന്റുമായി രാജസ്ഥാനും കൊല്‍ക്കത്തയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കൊല്‍ക്കത്തയും രാജസ്ഥാനും മറ്റ് ടീമുകള്‍ക്കെതിരെ കൂറ്റന്‍ ജയം തൊട്ടാല്‍ അത് മുംബൈക്ക് ആശ്വാസമാകും. 

-0.356 ആണ് മുംബൈയുടെ നെറ്റ് റണ്‍റേറ്റ്. ഇനിയുള്ള എല്ലാ മല്‍സരങ്ങളും മുംബൈ ജയിച്ചാലും പോസിറ്റീവ് നെറ്റ്റണ്‍റേറ്റിലെത്താന്‍ വമ്പന്‍ ജയങ്ങള്‍ നേടണം. എന്നാല്‍ 12 പോയിന്റുള്ള മറ്റ് ടീമുകളുടെ നെറ്റ്റണ്‍റേറ്റ് തങ്ങളുടേതിനേക്കാള്‍ ഉയര്‍ന്നാല്‍ മുംബൈയുടെ സാധ്യതകള്‍ അടയും. 

Mumbai Indians can still reach top four, conditions.