ലോകകപ്പ്; ഫ്രാന്‍സിന് ഭീഷണിയായി പ്രമുഖ താരങ്ങളുടെ പരുക്ക്

ലോകകിരീടം നിലനിര്‍ത്താന്‍ ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്ന ഫ്രാന്‍സിന് ഭീഷണിയായി പ്രമുഖ താരങ്ങളുടെ പരുക്ക്. സൂപ്പര്‍ താരം പോള്‍ പോഗ്ബയ്ക്ക് ലോകകപ്പ് തന്ന നഷ്ടമായേക്കും. തിരക്കേറിയ മല്‍സരക്രമമാണ് താരങ്ങളുടെ പരുക്കിന് കാരണമെന്ന് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സ് വിമര്‍ശിച്ചു. ഖത്തര്‍ ലോകകപ്പ് കിക്കോഫിന് കഷ്ടിച്ച് രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് കളത്തിലിറക്കാന്‍ താരങ്ങളെ തേടി ലോകചാംപ്യന്‍മാര്‍ക്ക് അലയേണ്ടി വരുന്നത്. 

യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് ഓസ്ട്രിയയ്ക്കും ഞായറാഴ്ച ഡെന്‍മാര്‍ക്കിനും എതിരായ മല്‍സരങ്ങളില്‍ പരുക്ക് മൂലം പുറത്തിരിക്കേണ്ടി വരുന്ന താരങ്ങള്‍ തന്നെ ഒരു ടീമിനുണ്ട്. സ്ട്രൈക്കര്‍ കരിം ബെന്‍സേമ, സെന്‍റര്‍ ബാക്ക് പ്രസ്നല്‍ കിംപെംബെ, ഡിഫന്‍ഡര്‍ തിയോ ഹെര്‍ണാണ്ടസ്, ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെയുണ്ട് പുറത്തായവരില്‍. കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയ പോള്‍ പോഗ്ബയ്ക്ക് ലോകകപ്പിന് മുന്‍പ് മടങ്ങി വരവ് പ്രയാസമാണ്.

ലോകകപ്പിന് മുന്‍പ് കഷ്ടകാലം കഴിഞ്ഞ് താരങ്ങള്‍ മടങ്ങിയെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഈ കൂട്ടപ്പരുക്കില്‍ അത്ഭുതപ്പെടാനില്ലെന്നാണ് ദിദിയര്‍ ദെഷാംപ്സിന്റെ പ്രതികരണം. തിരക്കേറിയ മല്‍സര കലണ്ടറിന്റെ കടുത്ത വിമര്‍ശകനാണ് ദെഷാംപ്സ്. നേഷന്‍സ് ലീഗില്‍  നാല് മല്‍സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള ഫ്രാന്‍സ് ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.