ലോകത്താകെ കണ്ടത് 262 ബില്യൺ ആളുകൾ, വീണ്ടും ഞെട്ടിച്ച് ഖത്തർ, റെക്കോർഡ് പെരുമഴ

ഖത്തർ ലോകകപ്പിനെ ലോകത്താകമാനം എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നുമായി കണ്ടത് 262 ബില്യൺ ആളുകളെന്ന് കണക്ക്. ഫിഫ പുറത്തു വിട്ട കണക്കിലൂടെ ഖത്തര്‍ ലോകകപ്പ് മറ്റൊരു റെക്കോർഡിനും കൂടി അർഹമായി. അര്‍ജന്റീനയും ഫ്രാൻസും തമ്മിൽ നടന്ന ലോകകപ്പ് ഫൈനൽ മത്സരം മാത്രം 1.5 ബില്യൺ ആളുകൾ കണ്ടതായും കണക്ക്. ലോകകപ്പിലെ സര്‍വകാല റെക്കോര്‍ഡാണിത്.

1994 ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ ആരാധകർ എത്തിയ മത്സരവും ഖത്തറിലേത് തന്നെ. ലുസൈൽ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫൈനൽ വീക്ഷിക്കാനെത്തിയത് 88,966 പേരാണ്. 1994 ൽ അമേരിക്കയിൽ വച്ച് നടന്ന ലോകകപ്പിൽ ബ്രസീൽ ഇറ്റലി മത്സരത്തിനെത്തിയ 94,194 പേരെന്ന റെക്കോർഡിന് താഴെയാണ് ഖത്തറെത്തിയത്. ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളിലെത്തിയത് 3.4 ദശലക്ഷം കാണികളാണ്. 2018 ലെ റഷ്യൻ ലോകകപ്പ് സ്വന്തമാക്കിയിരുന്ന റെക്കോർഡും ഖത്തർ തിരുത്തി. 3 ദശലക്ഷമായിരുന്നു റഷ്യയിലെ കണക്ക്. 

ലോകകപ്പിൽ ഏറ്റവും കൂടുതല്‍ ഗോളുകൾ പിറന്ന ലോകകപ്പെന്ന റെക്കോർഡും ഖത്തര്‍ സ്വന്തമാക്കി കഴിഞ്ഞു. 172 ഗോളുകളാണ് ഖത്തറിൽ വലകുലുക്കിയത്. 171 ഗോളുകള്‍ പിറന്ന 1998, 2014 ലോകകപ്പുകളെ പിറകിലാക്കിയാണ് ഖത്തർ ലോകകപ്പ് റെക്കോർഡ് സ്വന്തമാക്കിയത്.