നന്ദി; മുട്ടുകുത്തി നിന്ന് കെട്ടിപ്പിടിച്ച് മെസി പറഞ്ഞു; പരഡെസിന്റെ വെളിപ്പെടുത്തല്‍

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോണ്‍സാലോ മോണ്ടിയേലെടുത്ത കിക്ക് വലയിലായ നിമിഷം...സ്വപ്ന സാക്ഷാത്കാലത്തിലേക്ക് അര്‍ജന്റീന എത്തിയ നിമിഷം ഗ്രൗണ്ടില്‍ മെസിയുടെ അടുത്തേക്ക് ആദ്യം ഓടിയെത്തിയത് ലിയാന്‍ഡ്രോ പരഡെസായിരുന്നു...ആ നിമിഷം മെസിക്ക് നല്‍കിയ ആലിംഗനം ജീവിതകാലം മുഴുവന്‍ തനിക്കൊപ്പം ഉണ്ടാവും എന്ന് പറയുകയാണ് ലിയാന്‍ഡ്രോ പരദെസ്. ‌ആ നിമിഷം മെസി പറഞ്ഞ വാക്കുകളും വെളിപ്പെടുത്തുകയാണ് താരം. 

മെസിക്കൊപ്പമുള്ള ആ ആലിംഗനം. ജീവിതകാലം മുഴുവന്‍ ഞാനത് സൂക്ഷിക്കും. മെസിക്ക് അവിടെ ആദ്യം ആലിംഗനം നല്‍കിയൊരാള്‍ എന്നത് അവിശ്വസനീയമായ ഒന്നാണ്. നമ്മള്‍ ലോക ചാമ്പ്യന്മാരായി എന്നാണ് ഞാന്‍ മെസിയോട് ആ നിമിഷം പറഞ്ഞത്. നന്ദി, നന്ദി, ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നായിരുന്നു മെസിയുടെ മറുപടി. ലിയാന്‍ഡ്രോ പരഡെസ് പറയുന്നു.