'ടീമിൽ ഇടം പിടിക്കണമെങ്കില്‍ സ്ഥിരത വേണം ഋഷഭ് പന്തിന് അതില്ല'

2022 ട്വന്റി 20 ലോകകപ്പിൽ ഋഷഭ് പന്തിന് സ്ഥാനം ഉറപ്പല്ലെന്ന പ്രതികരണവുമായി മുൻ ഇന്ത്യൻ താരം വസിം ജാഫർ രംഗത്ത്. ടീമിൽ ഇടം പിടിക്കണമെങ്കില്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കണമെന്നാണ് വസിം പറയുന്നത്. പന്തിന്റെ ഇപ്പൊഴത്തെ ഫോം ഒട്ടും തൃപ്തികരമല്ലെന്നും ടീം ഇലവന്റെ ഭാഗമാവാൻ ഈ പ്രകടനം മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.

'കെ.എൽ.രാഹുൽ ടീമിൽ തിരിച്ചെത്തുന്നത് മാത്രമല്ല പ്രശ്നം. ദിനേഷ് കാർത്തിക് നന്നായി കളിക്കുകയും ചെയ്‌താൽ പന്തിന് ടീമിൽ ഇടം ഒരുക്കാൻ ബുദ്ധിമുട്ടാവും. ഐപിഎല്ലിലും രാജ്യാന്തര ട്വന്റി 20 മത്സരങ്ങളിലും അസ്ഥിരമായ പ്രകടനമാണ് പന്ത് കാഴ്‌ചവയ്ക്കുന്നത്. പല മത്സരങ്ങളിലും വിക്കറ്റ് വലിച്ചെറിയുന്നു'-ജാഫർ കൂട്ടിച്ചേർത്തു.

2022 ഐപിഎല്ലിൽ പന്തിന്റെ പ്രകടനം ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. ടൂർണമെന്റിൽ പല മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചെങ്കിലും ഒരു അർധശതകം പോലും നേടാൻ കഴിഞ്ഞില്ല. ഉയർന്ന സ്‌കോർ 44. ഇന്ത്യയ്ക്കായി 46 ട്വന്റി 20 കളിച്ച പന്ത് 723 റൺസ് നേടി. ബാറ്റിങ് ശരാശരി 23.32. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ 3 മത്സരങ്ങളിൽ നിന്ന് 40 റൺസ് മാത്രമാണ് പന്ത് നേടിയത്.