ഇന്ത്യയ്ക്ക് ഒരു 'കൈ' സഹായം; കിടിലൻ പ്രകടനവുമായി പന്ത്; നിലംപരിശായി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ പ്രകടനവുമായി ഋഷ‌ഭ് പന്ത്. ഓൾറൗണ്ടർ ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ എന്നിവരെ പന്ത് പുറത്താക്കി. പേസർ മുഹമ്മദ് ഷമി എറിഞ്ഞ മൂന്നാം ഓവറിലാണു സ്റ്റോക്സ് പുറത്താകുന്നത്. ഷമി എറിഞ്ഞ നാലാം പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ചതാണു സ്റ്റോക്സിനു വിനയായത്. ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പറുടെ വലതു ഭാഗത്തേക്കാണെത്തിയത്.

ബോൾ വരുന്നതും കാത്തുനിന്ന ഋഷഭ് പന്ത് ചാടിവീണു പന്ത് പിടിച്ചെടുത്തു. ഇതോടെ ബെന്‍ സ്റ്റോക്സ് ഗോൾഡൻ ഡക്കായി പുറത്ത്. ബാറ്റിങ്ങിൽ മികച്ച ഫോമിലുള്ള ജോണി ബെയർസ്റ്റോയാണ് പന്തിന്റെ സൂപ്പർ‌ ക്യാച്ചിൽ പുറത്തായ മറ്റൊരു ബാറ്റർ. ബുമ്രയെറിഞ്ഞ പന്ത് ബെയർസ്റ്റോയുടെ ബാറ്റിൽ എഡ്ജ് ചെയ്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തി. സ്ലിപ് ഫീൽഡർക്കുള്ള ക്യാച്ച് ആണെന്നു തോന്നിയെങ്കിലും ഡൈവ് ചെയ്ത ഋഷഭ് പന്ത് ബോൾ പിടിച്ചെടുത്തു.

ഇതോടെ ബെയര്‍സ്റ്റോ 20 പന്തിൽ ഏഴു റൺസിനു പുറത്തായി. ഇംഗ്ലണ്ട് മുന്‍നിര താരം ജോ റൂട്ടും പന്തിന്റെ ക്യാച്ചിൽ പൂജ്യത്തിനു പുറത്തായി. ആ വിക്കറ്റും ജസ്പ്രീത് ബുമ്രയ്ക്കായിരുന്നു. ഓവലിൽ നടന്ന ആദ്യ ഏകദിനത്തിൽ പത്തു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 25.2 ഓവറിൽ 110ന് ഓൾഔട്ടായി. ഇന്ത്യ 18.4 ഓവറിൽ വിക്കറ്റു നഷ്ടമില്ലാതെ വിജയലക്ഷ്യം മറികടന്നു. 6 ഇംഗ്ലണ്ട് ബാറ്റർമാരെ നിലതൊടാതെ മടക്കിയ ജസ്പ്രീത് ബുമ്രയാണു പ്ലെയർ ഓഫ് ദ് മാച്ച്.