മുട്ടൻപണി ഇരന്നുമേടിച്ച് പന്തും ഠാക്കൂറും; കനത്ത പിഴയും വിലക്കും; ‍ഡൽഹിക്ക് തിരിച്ചടി

ഐപിഎല്ലിൽ കഴിഞ്ഞ ദിവസം മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ആവേശകരമായി നടന്ന രാജസ്ഥാൻ റോയൽസ്-ഡൽഹി ക്യാപ്പിറ്റല്‍സ് മത്സരം വലിയ വിവാദത്തിലാണ് കലാശിച്ചത്. മത്സരത്തില്‍ അംപയര്‍ നോ ബോള്‍ നല്‍കാതിരുന്നത് ഡല്‍ഹി ക്യാംപിനെ പ്രകോപിതരാക്കുകയും തുടർന്ന് കളിക്കളത്തിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറുകയും ചെയ്തു. ഇപ്പോഴിതാ ഡൽഹി നായകൻ ഋഷഭ് പന്തിന് നല്ല മുട്ടൻ പണിയാണ് ബിസിസിഐയുടെ കയ്യില്‍ നിന്നും കിട്ടിയിരിക്കുന്നത്. 

ഇന്നലെ നടന്ന മത്സരത്തിനിടെ അംപയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനങ്ങളുടെ പേരിൽ ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിനും സഹപരിശീലകൻ പ്രവീൺ ആംറെയ്ക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തി ബിസിസിഐ രംഗത്ത് എത്തി. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇരുവരുടെയും മാച്ച് ഫീ പൂർണമായും പിഴയൊടുക്കാൻ ബിസിസിഐ വിധിച്ചത്. ഇവർക്കൊപ്പം പ്രതിഷേധിച്ച  ഷാർദുൽ ഠാക്കൂറിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഡഗൗട്ടില്‍ വച്ച് മോശമായി പ്രതികരിച്ചതിനാണ് പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ഠാക്കൂറിനും പിഴ ചുമത്തിയത്.

പന്തിന്റെ നിർദ്ദേശപ്രകാരം പ്രതിഷേധം അറിയിക്കാൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ സഹപരിശീലകൻ പ്രവീൺ ആംറെയ്ക്ക് ഒരു മത്സരത്തിൽനിന്ന് വിലക്കുമുണ്ട്. വിലക്ക് വന്നതോടെ ഡിസിയുടെ അടുത്ത മല്‍സരത്തില്‍ അദ്ദേഹത്തിനു ഗ്രൗണ്ടിലേക്കു പ്രവേശിക്കാനും സാധിക്കില്ല. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടില്‍ 2.2ലെ ലെവല്‍ 2 ലംഘനമാണ് തന്റെ ഭാഗത്തു നിന്നുണ്ടായതെന്നു ആംറെ അംഗീകരിച്ചിട്ടുണ്ട്. 

അംപയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പന്ത് ബാറ്റർമാരെ തിരികെ വിളിക്കാൻ ശ്രമിച്ചത് കടുത്ത വിമർശനത്തിന് കാരണമായിരുന്നു. തുടർന്ന് സഹപരിശീലകൻ ഷെയ്ൻ വാട്സൻ ഇടപെട്ടാണ് പന്തിനെ ശാന്തനാക്കിയത്. മത്സരശേഷം സംസാരിക്കുമ്പോൾ ഡൽഹി ടീമിന്റെ പ്രതികരണം മോശമായിപ്പോയെന്ന് വാട്സൻ സമ്മതിച്ചിരുന്നു. പന്തിന്റെ നിർദ്ദേശപ്രകാരം ടീമിന്റെ അതൃപ്തി അംപയർമാരെ നേരിട്ട് അറിയിക്കാൻ പ്രവീൺ ആംറെ ഗ്രൗണ്ടിലേക്ക് ഓടിയതിനെയും വാട്സൻ തള്ളിപ്പറഞ്ഞു.

അതേസമയം, പ്രവീൺ ആംറെയെ ഗ്രൗണ്ടിലേക്ക് പറഞ്ഞയച്ചത് ശരിയായ നടപടിയായിരുന്നില്ലെന്ന് പിന്നീട് ഋഷഭ് പന്തും സമ്മതിച്ചു. ആ നിമിഷത്തിന്റെ ആവേശത്തിൽ സംഭവിച്ചതാണ് അതെന്നായിരുന്നു പന്തിന്റെ വിശദീകരണം.അവസാന ഓവറിൽ ഡൽഹിക്ക് വിജയത്തിലേക്ക് 36 റൺസ് വേണ്ടിയിരിക്കെ റൂവ്മൻ പവൽ രാജസ്ഥാന്റെ ഓബദ് മക്കോയ്‌ക്കെതിരെ നടത്തിയ ആക്രമണമാണ് മത്സരം ആവേശകരമാക്കിയത്. ആദ്യ മൂന്നു പന്തിൽ സിക്സർ നേടിയാണ് പവൽ മത്സരം ആവേശകരമാക്കിയത്.

ഇതിൽ മൂന്നാം പന്ത് നോബോളായിരുന്നുവെന്ന് വാദിച്ച് ഡൽഹി താരങ്ങൾ രംഗത്തെത്തിയതാണ് മത്സരത്തിന് വിവാദച്ചുവ നൽകിയത്. പന്തിന്റെ ഉയരമായിരുന്നു പ്രശ്നം. അംപയർ നോബോൾ പരിശോധിക്കാൻ തയാറാകാതെ വന്നതോടെ ഡൽഹി നായകൻ ഋഷഭ് പന്ത് ബാറ്റർമാരെ തിരിച്ചുവിളിക്കാനും ശ്രമിച്ചു. നാടകീയ നിമിഷങ്ങൾക്കൊടുവിൽ അവസാന മൂന്നു പന്തിൽ രണ്ടു റൺസ് വഴങ്ങി പവലിനെ പുറത്താക്കിയാണ് മക്കോയ് രാജസ്ഥാന് വിജയം സമ്മാനിച്ചത്