ധോണി സ്റ്റൈൽ; പന്ത് പറഞ്ഞു; ചെഹല്‍ ചെയ്തു കാണിച്ചു; ടോപ്‌‍ലി ബോള്‍ഡ്

മാഞ്ചസ്റ്ററിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഡേവിഡ് വില്ലി, ക്രെയ്ഗ് ഓവർടൻ, റീസ് ടോപ്‍ലി എന്നിവരുടെ വിക്കറ്റ് തെറിപ്പിച്ചത് ഇന്ത്യന്‍ സ്പിന്നർ യുസ‍്വേന്ദ്ര ചെഹലായിരുന്നു. 9.5 ഓവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തുന്നതിനിടെ താരം വിട്ടുകൊടുത്തത് 60 റൺസ്. ചെഹലിന്റെ വിക്കറ്റുകളിൽ ഇംഗ്ലണ്ടിന്റെ പത്താമത് ബാറ്ററായി ഇറങ്ങിയ റീസ് ടോപ്‍ലിയെ പുറത്താക്കിയ രീതിയാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാ വിഷയം

വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ചെഹൽ ടോപ്‍ലിക്കെതിരായ തന്ത്രം മെനഞ്ഞത്. ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെ 46–ാം ഓവറിലായിരുന്നു സംഭവം. ഇംഗ്ലിഷ് താരത്തെ പുറത്താക്കുന്നതിനു തൊട്ടുമുൻപ് വിക്കറ്റിനു പിന്നിൽനിന്ന് ഋഷ‌ഭ് പന്ത് ചെഹലിനു നിർദേശം നൽകുന്നതും ചെഹൽ അതുകേട്ട് ചിരിച്ചുകൊണ്ടു പ്രതികരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

തൊട്ടടുത്ത പന്തിൽ തന്നെ പതിനൊന്നാമനായി ഇറങ്ങിയ ടോപ്‌‍ലി ബോള്‍ഡായി. ഇതോടെ ഇംഗ്ലണ്ട് 259 റണ്സിന് ഓള്‍ ഔട്ടായി. തന്ത്രം വിജയിച്ചപ്പോൾ ഋഷഭ് പന്തും ചെഹലും വിക്കറ്റ് നേട്ടം ആഘോഷിക്കുകയും ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി വിക്കറ്റിനു പിന്നിൽനിന്ന് തന്ത്രങ്ങൾ മെനഞ്ഞു ബോളർമാരെക്കൊണ്ടു വിജയകരമായി നടപ്പാക്കുന്നത് ക്രിക്കറ്റിലെ പതിവു കാഴ്ചയായിരുന്നു. ഇതേ രീതിയാണ് ഋഷഭ് പന്തും പിന്തുടരുന്നതെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു.

ലോഡ്സിൽ‌ നടന്ന രണ്ടാം ഏകദിനത്തിൽ‌ 47 റൺസ് വഴങ്ങി യുസ്‍വേന്ദ്ര ചെഹല്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. മൂന്നാം ഏകദിനം അഞ്ചു വിക്കറ്റിനു ജയിച്ച ഇന്ത്യ, പരമ്പരയും സ്വന്തമാക്കി. 113 പന്തിൽ 125 റൺസുമായി പുറത്താകാതെ നിന്ന് ഋഷഭ് പന്ത് പ്ലെയർ ഓഫ് ദ് മാച്ചായി. മത്സരത്തിൽ നാലു വിക്കറ്റുകൾ വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ ബാറ്റിങ്ങിലും തിളങ്ങി. 71 റൺസെടുത്താണു താരം പുറത്തായത്. 3 മത്സരങ്ങളിൽ നിന്നായി 100 റൺസും 6 വിക്കറ്റുകളും നേടിയ ഹാർദിക്കാണു പരമ്പരയുടെ താരം.