പൊള്ളാർഡിനെ മുംബൈ പുറത്താക്കണം; ഇനി ടീമിലുണ്ടാകില്ല; പകരമാര്?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിന്റെ വിൻഡീസ് താരം കെയ്റൻ പൊള്ളാര്‍ഡ് കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ ഐപിഎൽ സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ നിന്നും മുംബൈ ഇന്ത്യൻസ് പൊള്ളാർഡിനെ ഒഴിവാക്കുമെന്നാണു താൻ കരുതുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ഗുജറാത്ത് ടൈറ്റൻഡസിന് എതിരെ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 14 പന്തിൽ 4 റൺസ് നേടിയ ‘സ്ലോ ഇന്നിങ്സി’ന്റെ പേരിൽ പൊള്ളാർഡ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ചോപ്രയുടെ അഭിപ്രായ പ്രകടനം പുറത്ത് വരുന്നത്. ഗുജറാത്തിനെതിരായ മത്സരത്തിൽ നിലയുറപ്പിച്ച ശേഷം ആക്രമിക്കാന്‍ പദ്ധതിയിട്ട പൊള്ളാര്‍ഡിന്റെ കണക്കുകൂട്ടല്‍ തേടുകയായിരുന്നു. ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് പൊള്ളാര്‍ഡ് കാഴ്ചവെച്ചത്. 

യുട്യൂബ് ചാനലിലൂടെ പങ്കുവച്ച വിഡിയോയിൽ, ഐപിഎൽ സീസണിലെ അവസാന മത്സരമാകാം പൊള്ളാർഡ് കളിച്ചു കഴിഞ്ഞത് എന്നാണു ചോപ്ര അഭിപ്രായപ്പെട്ടത്.‘തിലക് വർണ റണ്ണൗട്ടാകുകയായിരുന്നു. പക്ഷേ അതിനു മുൻപുതന്നെ പൊള്ളാർഡ് പുറത്തായി. ഇതു വളരെ കൗതുകകരമായി തോന്നി. ഈ വർഷം ഇനി നടക്കുന്ന മത്സരങ്ങളിൽ പൊള്ളാർഡ് ടീമിൽ ഉണ്ടാകില്ലെന്നാണു ഞാൻ കരുതുന്നത്, കാരണം ഡെവാൾഡ് ബ്രെവിസ് പുറത്തിരിക്കുന്നു, ടീം ഡേവിഡ് മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നതും.

മുംബൈ ടിം ഡേവിഡിനെ നേരത്തെ തന്നെ എന്താണു പ്ലേയിങ് ഇലവനിൽ ഉൾപെടുത്താത്തത് എന്ന് എനിക്കറിയില്ല. സിക്സ് ഹിറ്റിങ് യന്ത്രമായ ഡേവിഡിനെ എത്ര മത്സരങ്ങളിലാണു മുംബൈ പുറത്ത് ഇരുത്തിയത്? ഇപ്പോഴാണ് ഡേവിഡിനെ കളിപ്പിക്കുന്ന കാര്യം അവർ ഓർത്തത്. അവസരം ലഭിച്ചതിനു ശേഷം ഡേവിഡ് നിരാശപ്പെടുത്തിയിട്ടുമില്ല. മുംബൈയെ മത്സരങ്ങൾ ജയിപ്പിച്ചെടുക്കുന്ന ഇന്നിങ്സുകൾ കളിക്കാൻ കെൽപുള്ള താരമായി ഡേവിഡ് മാറിയിരിക്കുന്നു’– ചോപ്ര പറഞ്ഞു. 

ഇത്തവണത്തെ ഐപിഎല്ലിൽ ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരെ മുംബൈ ഒഴിവാക്കിയപ്പോള്‍ ഫിനിഷറെന്ന നിലയില്‍ ടീം വിശ്വാസം അര്‍പ്പിച്ചത് കെയ്റൻ പൊള്ളാര്‍ഡിലാണ്. എന്നാല്‍ പൊള്ളാര്‍ഡ് തീര്‍ത്തും നിരാശപ്പെടുത്തിയത് മുംബൈയുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റുകയും ചെയ്തു.