സംസ്ഥാന കയാക്കിങ് ചാംപ്യൻഷിപ്പ്; കോഴിക്കോടിന് ഓവറോൾ കിരീടം

കോഴിക്കോട് കോട‍ഞ്ചേരിയില്‍ നടന്ന സംസ്ഥാന കയാക്കിങ് ചാംപ്യന്‍ഷിപ്പില്‍ കോഴിക്കോടിന് ഓവറോള്‍ കിരീടം. കയാക്കുകള്‍ വാടകയ്ക്കെടുത്താണ് മല്‍സരാര്‍ഥികള്‍ ചാംപ്യന്‍ഷിപ്പിന് എത്തിയത്. ഒളിംപിക് ഇനം ആയിട്ട് പോലും കയാക്കിങ് കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് മല്‍സരാര്‍ഥികളും സംഘാടകരും ഒരുപോലെ പറയുന്നു. 

കൊവിഡ് ഇടവേളയ്ക്ക് ശേഷം ഇരുവഞ്ഞിപ്പുഴയില്‍ വീണ്ടും കയാക്കുകള്‍ ഒഴുകി. സ്ലാലം, ഡൗണ്‍ റിവര്‍ എന്നീ രണ്ടു വിഭാഗങ്ങളില്‍ ആയിരുന്നു മല്‍സരം. 96 പോയിന്‍റോടെയാണ് കോഴിക്കോട് ഓവറോള്‍ ചാംപ്യന്മാരായത്. 30 പോയിന്‍റുമായി എറണാകുളവും 23 പോയിന്‍റുമായി ആലപ്പുഴയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 

കയാക്കിങ്ങിനോട് കൂടുതല്‍ പേര്‍ താല്‍പ്പര്യത്തോടെ എത്തുന്നുണ്ടെങ്കിലും സര്‍ക്കാരിന്‍റെ അവഗണനയില്‍ പിടിച്ചുനില്‍ക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ്. വാടകയ്ക്കെടുത്ത കയാക്കുമായി ചാംപ്യന്‍ഷിപ്പ് തുടരാനാകുമോ എന്നാണിവരുടെ ചോദ്യം. അടുത്ത ചാംപ്യന്‍ഷിപ്പിനെങ്കിലും സ്ഥിതിയില്‍  മാറ്റം ഉണ്ടായാല്‍ മേഖലയില്‍ വിപ്ലവകരമായ ചലനമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.