പാകിസ്ഥാനെ 'പറത്തി' കംഗാരുപ്പട: ഇനി അയൽക്കാരുടെ ഫൈനല്‍

പാക്കിസ്ഥാനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍. 177 റണ്‍സ് വിജയലക്ഷ്യം ആറുപന്ത് ശേഷിക്കെ ഓസീസ് മറികടന്നു. 19ാം ഓവറില്‍ ഹസന്‍ അലി കൈവിട്ട മാത്യു വെയ്്‍‍ഡാണ് ഓസീസിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയ– ന്യൂസീലന്‍ഡിനെ നേരിടും. ഹസന്‍ അലി താങ്കള്‍ കൈവിട്ടത് ലോകകപ്പാണ്. ഷഹീന്‍ അഫ്രീദിയെറിഞ്ഞ 19ാം ഓവറിലെ മൂന്നാം പന്തില്‍ ബൗണ്ടറി ലൈനിനരികെ ജീവന്‍ തിരിച്ചുകിട്ടിയ മാത്യു വെയ്ഡ് തുടര്‍ന്നുള്ള മൂന്നുപന്തുകള്‍ സിക്സര്‍ പറത്തി ഒസീസിനെ ലോകകപ്പ് ഫൈനലിലേയ്ക്കെത്തിച്ചു. 

17 പന്തില്‍ 41 റണ്‍സുമായി വെയ്ഡ് ഓസീസിന് അവിശ്വസനീയ ജയമൊരുക്കി. 30 പന്തില്‍ 40 റണ്‍സുമായി മാര്‍ക്കസ് സ്റ്റൊയ്നിസ് ഒരറ്റത്ത് കൂട്ടുനിന്നു. അവസാന അഞ്ചോവറില്‍ 62 റണ്‍സ് അടിച്ചെടുത്താണ് ഓസീസിന്റെ ജയം. 26 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഷദാബ് ഖാന്‍  മുന്‍നിരയെ തകര്‍ത്തപ്പോള്‍ ഓസ്ട്രേലിയ 96ന് 5 എന്ന നിലയിലേയ്ക്ക് നിലംപൊത്തി. പിടിച്ചുനിന്നത് 49 റണ്‍സെടുത്ത വാര്‍ണര്‍ മാത്രം. യുഎഇയില്‍ 16 ട്വന്റി20 മല്‍സരങ്ങളുടെ പാക്കിസ്ഥാന്റെ അപരാജിത കുതിപ്പിനും  ഇതോടെ  അവസാനമായി. 67 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്റെയും 55 റണ്‍സെടുത്ത ഫഖര്‍ സമാന്റെയും മികവിലാണ് പാക്കിസ്ഥാന്‍ 176 റണ്‍സ് നേടിയത്.