ഇന്ത്യയുടെ 'ശ്രീ'; വൻമതിലായി ഇതിഹാസം; ഇനി ഖേൽരത്ന?

എതിരാളികൾ പാഞ്ഞടുത്തപ്പോൾ അവൻ ചിറക് വിരിച്ചു, വൻമതിൽക്കെട്ടായി, ഒന്നിനു പുറകെ ഒന്നായി എത്തിയ ഗോളവസരങ്ങൾ  കിടന്നും പറന്നും ഡൈവ് ചെയ്തും തട്ടി അകറ്റി. ജർമനിക്കെതിരായ വെങ്കല പോരാട്ടത്തിന്റെ അവസാനത്തെ ആറാം മിനിറ്റിൽ നടത്തിയ സേവ് മാത്രം മതി പി.ആർ.ശ്രീജേഷിന്റെ മികവ് അറിയാൻ.

41 വർഷത്തിനുശേഷം ഒളിംപിക്സ് മെഡൽ നേടിയപ്പോൾ അതിലെ സൂപ്പർ ഹീറോ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം. അത് ശ്രീജേഷാണ്. 1 - 3 ന് പിന്നിൽ നിന്ന ശേഷം ഇന്ത്യ ഒപ്പമെത്തി, പിന്നെ ലീഡെടുത്തു, കൂട്ടുകാർ എടുത്ത ലീഡ് അവസാനം വരെയും ടീമിനായി നിലനിർത്താൻ  ശ്രീജേഷ് പൊരുതിനിന്നു.ഒൻപത് സേവുകളാണ് വെങ്കല പോരാട്ടത്തിൽ ശ്രീജേഷ് നടത്തിയത്.

മരുഭൂമിയിൽ വിളവെടുത്ത താരം

ഹോക്കിക്ക് സ്വന്തമായി ഒരു അസ്ട്രോ ടർഫ് മൈതാനമില്ലാത്ത കേരളത്തിൽ നിന്നാണ് ശ്രീജേഷ് ലോകം കീഴടക്കിയത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് ജനിച്ച ശ്രീജേഷ് ആദ്യം ചുവട് വച്ചത് അത്​ലറ്റിക്സിൽ ആണ്. ആദ്യം സ്പ്രിന്റർ ആയി, പിന്നെ ലോങ് ജംപിൽ, പിന്നെ വോളിബോളിൽ അവിടെ നിന്നാണ് ഹോക്കിയിൽ എത്തിയത്.

12-ാം വയസിൽ ജി.വി.രാജയിൽ എത്തിയതോടെ  ശ്രീജേഷിന്റെ കായിക ജീവിതത്തിന് പുതുജീവൻ വച്ചു. 2004ൽ ഇന്ത്യൻ ജൂനിയർ ടീമിൽ, 2006 ൽ ഇന്ത്യയുടെ സീനിയർ ദേശീയ ടീമിലെത്തി. ഏഷ്യൻ ഗെയിംസിൽ സ്വർണവും വെങ്കലവും നേടി, കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, ചാംപ്യൻസ് ട്രോഫിയിൽ രണ്ട് വെള്ളി, ഏഷ്യാ കപ്പിൽ വെള്ളി ഇതെല്ലാം നേടിയെങ്കിലും ഒരു ഒളിംപിക്സ് മെഡൽ എന്ന സ്വപ്നത്തിനായിട്ടാണ് ശ്രീജേഷും ടീമും കഴിഞ്ഞ ഒരു വർഷമായി ബെംഗളുരുവിൽ പരിശീലനം നടത്തിയത്.

1980 നു ശേഷം അങ്ങനെ വീണ്ടും ഇന്ത്യൻ ഹോക്കി ഒളിംപിക്സിൽ പോഡിയം ഫിനീഷ് നടത്തിയിരിക്കുന്നു. മാനുവൽ ഫെഡറിക് എന്ന മലയാളി ഗോൾകീപ്പർ മ്യൂനിക് ഒളിംപിക്സിൽ നേടിയ വെങ്കലത്തിന് ശേഷം മറ്റൊരു മലയാളി ഒളിംപിക്സ് മെഡൽ കേരളത്തിൽ എത്തിച്ചിരിക്കുന്നു.

ഇനി എന്ത്?

35കാരനായ ശ്രീജേഷിന്റെ അടുത്ത ലക്ഷ്യം ലോകകപ്പ് ഹോക്കിയാണ്. 2015ൽ അർജുന നേടിയ ശ്രീജേഷിനെ ഇക്കുറി ഖേൽരത്നക്ക് നാമനിർദേശം നൽകിയിട്ടുണ്ട്. ഇനി രാജ്യത്തെ പരമോന്നത ബഹുമതി ശ്രീജേഷിന് ലഭിക്കട്ടെ.