ഇവിടെ പിറന്നത് 300ലധികം താരങ്ങൾ; ഇതാ കേരളത്തിന്റെ സ്വന്തം ഹോക്കിഗ്രാമം

ദേവിക്ഷേത്രംകൊണ്ടുമാത്രമല്ല, കേരളകായികചരിത്രത്തിലെ സുപ്രധാന ഏടുകൊണ്ടും പ്രശസ്തമാണ് പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ. 300ലധികം ഹോക്കിതാരങ്ങളെ സൃഷ്ടിച്ച കേരളത്തിന്റ സ്വന്തം ഹോക്കിഗ്രാമം. മലയാലപ്പുഴക്കാര്‍ക്ക് ലഹരിതന്നെയാണ് ഹോക്കി.  

മലയാലപ്പുഴ. ഹോക്കിയുടെ സമ്പന്ന ഇടങ്ങളിലൊന്ന്. കായികാധ്യാപകനായിരുന്ന പി.കെ. രവിന്ദ്രന്‍  1979ല്‍ കുട്ടികളുമായി തിരുവനന്തപുരത്തൊരുകായികമേളയ്ക്കുപോയി. തിരിച്ചത്തിയത് പത്ത് ഹോക്കിസ്റ്റിക്കുമായാണ്. അവിടെ തുടങ്ങുന്നു മലയാലപ്പുഴയുടെ ഹോക്കി പാരമ്പര്യം. 

മലയാലപ്പുഴ സ്കൂളിലെ ഈ കളിയിടമായിരുന്നു തുടക്കം.  മൂന്നുതവണ ഇന്ത്യന്‍ ക്യാംപിലെത്തിയ സുലേഖയാണ് മലയാലപ്പുഴയുടെ ആദ്യതാരം. കേരളത്തിന്റയും, കേരളസര്‍വകലാശാലയുടെയും നായിക ഇന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ.

മലയാലപ്പുഴയില്‍ നിന്ന് ആദ്യരാജ്യാന്തര താരമായത് ഏലിയാമയാണ്.  വനിതാ സംസ്ഥാന ടീമിലെ പ്ലയിംഗ് ഇലവനില്‍ ഒന്‍പതു മലയാലപ്പുഴക്കാര്‍ കളിച്ച കാലമുണ്ടായിരുന്നു. കേരളത്തെ നയിച്ച കെ. ബിന്ദു, ലത, ഷേര്‍ലി അങ്ങനെ നീണ്ടു മലയലപ്പുഴയുടെ ഹോക്കിപെരുമ. മലയാലപ്പുഴയില്‍ കളിതുടങ്ങിയ ഗോഗുല്‍ രാജിപ്പോള്‍ സര്‍വീസസ് ടീം അംഗമാണ്.

മലയാലപ്പുഴയില്‍ നിന്ന് ഒരാളെങ്കിലുമില്ലാത്ത സംസ്ഥാന ടീം വിരളമായിരുന്നു. ജില്ലാ ടീമിലാകട്ടെ മലയാലപ്പുഴയുടെ മൃഗീയഭൂരിപക്ഷവും. ഇന്ത്യന്‍ഹോക്കിയില്‍ ഇത്രയേറെ കീര്‍ത്തി അവകാശപ്പെടാന്‍ മറ്റൊരുഗ്രാമത്തിനും ആയെന്നുവരില്ല.