ബർമുഡയുടെ കാത്തിരിപ്പിന് ടോക്കിയോയില്‍ ശുഭപര്യവസാനം; സ്വർണമണിഞ്ഞ് ഫ്ലോറ

ഒളിംപിക്സ് ചരിത്രത്തില്‍  ബെര്‍മുഡയുടെ ആദ്യ മെഡല്‍ ട്രയാത്തലണില്‍ നിന്ന്. വനിത വിഭാഗത്തില്‍ ഫ്ലോറ ഡഫിയാണ് സ്വര്‍ണം നേടിയത്. ഒളിംപിക്സില്‍ സ്വര്‍ണമെഡല്‍ നേടുന്ന ജനസംഖ്യ കുറഞ്ഞ രാജ്യമാണ് ബര്‍മുഡ   .വര്‍ഷങ്ങള്‍ നീണ്ട ബെര്‍മുഡയുടെ കാത്തിരിപ്പിന് ടോക്കിയോയില്‍ ശുഭപര്യവസാനം. സുവര്‍ണ മെഡല്‍ ഏറ്റുവാങ്ങുമ്പോള്‍ ഫ്ലോറ കണ്ണീരണിഞ്ഞു.

ലോക ചാംപ്യന്‍ ഗ്രേറ്റ് ബ്രിട്ടന്റെ ടെയ്‌ലര്‍ ബ്രൗണിനെ മറികടന്നാണ് ഫ്ലോറയുടെ ചരിത്രനേട്ടം. ഒപ്പം ഒരു മധുര പ്രതികാരവും. പണ്ട് കൗമാരപ്രായത്തില്‍ ബ്രിട്ടനെ പ്രതിനിധീകരിക്കാനുള്ള അവസരം അവര്‍ക്ക് നിഷേധിച്ചു. ഇന്ന് 33–ാം വയസില്‍ ബ്രിട്ടീഷ് താരത്തെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി സ്വര്‍ണ നേട്ടം. ഒപ്പം ഒരു രാജ്യത്തിന്റേയും ഒരു ജനതയുടേയും അഭിമാനമാണ് ഫിനിഷ് ലൈനില്‍ തൊട്ടത്.

ടെയ്‌ലര്‍ ബ്രൗണിനേക്കാള്‍ ഒരു മിനിറ്റ് 15 സെക്കന്‍ഡ് മുന്‍പേ ഫിനിഷ് ഫ്ലോറ ഫിനിഷ് ചെയ്തു. ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് ബ്രിട്ടീഷ്താരം രണ്ടാമതെത്തിയത്. സൈക്ലിങ്ങിന്റെ അവസാന കിലോമീറ്ററില്‍ ടയറിന്റെ തകരാണ് തിരിച്ചടിയായെങ്കിലും അത് മറികടന്നാണ് നേട്ടം. അമേരിക്കയുടെ കേറ്റി സഫറേസിനാണ് വെങ്കലം. നീന്തലും സൈക്ലിങ്ങും ഓട്ടവും ഉള്‍പ്പെടുന്ന ഇനമാണ് ട്രയാത്തലണ്‍.