ജീവൻ പണയം വച്ചും കാക്കുന്നതിന് നന്ദി; ആരോഗ്യപ്രവർത്തകർക്ക് സമ്മാനമയച്ച് രാഹുൽ

കോവിഡ് പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ഡൽഹിയിലെ ആരോഗ്യപ്രവർത്തകർക്ക് സമ്മാനവുമായി കെ.എൽ.രാഹുൽ. എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും സ്വന്തം ജീവൻ കാര്യമാക്കാതെ രാജ്യത്തെ സേവിക്കുന്നതിന് കടപ്പെട്ടിരിക്കുന്നുവെന്നും രാഹുൽ കുറിച്ചു. പ്യൂമയുടെ ഷൂവിനൊപ്പമുള്ള കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 

 ഇതൊരു കൂട്ടായ പോരാട്ടമാണ്. മുൻനിരയിൽ നിന്ന് നയിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ഞാൻ ചിന്തിച്ചു. പ്യൂമയോട് സംസാരിച്ചപ്പോൾ ഷൂ നൽകാമെന്ന് അവരും സമ്മതിച്ചു. ഇതൊരു ചെറിയ ഉപഹാരം മാത്രമാണ്. എല്ലാവരും അവരവരെ കൊണ്ട് കഴിയുന്നതുപോലെ ഈ വിപത്തിനെ ചെറുക്കുന്നുണ്ടെന്ന് രാഹുൽ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. കർണാടകക്കാരനായ രാഹുൽ നേരത്തേ തന്റെ ക്രിക്കറ്റ് ബാറ്റും ഹൂഡിയും പാഡും ലേലത്തിൽ വച്ചും കോവിഡ് ദുരിതാശ്വാസത്തിനായി പണം  കണ്ടെത്തിയിരുന്നു.

വലിയ പോരാട്ടത്തിലായിരിക്കുമ്പോൾ കൂടെയുള്ളവർ നൽകുന്ന ഒരു വാക്കുകൊണ്ട് പോലും നൽകുന്ന പ്രോൽസാഹനം വിലമതിക്കാനാവാത്തതാണ്. വിജയിച്ചെത്തിയ ശേഷം നൽകുന്ന സ്വീകരണത്തെക്കാളും പ്രതിസന്ധിയിൽ കരുത്തേകുന്നത് അപ്പോൾ ലഭിക്കുന്ന പിന്തുണയാണ്. അഭിനന്ദനത്തിനും അംഗീകാരത്തിനും നന്ദിയെന്ന് സമ്മാനം സ്വീകരിച്ച ആരോഗ്യപ്രവർത്തകരും വ്യക്തമാക്കി.