വിനോദ നികുതിയിനത്തിൽ ലഭിക്കേണ്ട തുക ഉടൻ അടയ്ക്കണം; ക്രിക്കറ്റ് അസോസിയേഷന് കത്ത്

ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരത്തിന് വിനോദ നികുതിയിനത്തിൽ ലഭിക്കേണ്ട തുക ഉടൻ അടയ്ക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ കേരള ക്രിക്കറ്റ് അസോസിയേഷന് കത്തുനൽകി. ചരക്കു സേവന നികുതി കിഴിച്ചുള്ള ടിക്കറ്റ് തുകയുടെ ഇരുപത്തിനാല് ശതമാനം നികുതി പതിനഞ്ച് ദിവസത്തിനകം അടയ്ക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് കോർപറേഷന്റെ മുന്നറിയിപ്പ്. അതേസമയം, നികുതി തുകയിൽ ഇളവു തേടി കെസിഎ സർക്കാരിനെ സമീപിച്ചെങ്കിലും ഇതുവരെ അനുകൂല തീരുമാനം ലഭിച്ചിട്ടില്ല. 

കഴിഞ്ഞ ഞായറാഴ്ച നടത്തിയ ഇന്ത്യ– വെസ്റ്റ് ഇൻഡീസ് മത്സരത്തിന്റെ ഭാഗമായി നടത്തിയ ടിക്കറ്റ് വിൽപ്പനയിലൂടെ 30 ലക്ഷത്തോളം രൂപയാണ് കോർപറേഷന് വിനോദ നികുതിയിനത്തിൽ ലഭിക്കേണ്ടത്. ചരക്കു സേവന നികുതി കഴിച്ചുള്ള തുകയുടെ 48 ശതമാനം കണക്കാക്കുമ്പോളാണിത്. നികുതി തുകയിൽ ഇളവു നൽകണമെന്നാവശ്യപ്പെട്ട് കെസിഎ കോർപറേഷനെ സമീപിച്ചു. ധനകാര്യ സ്ഥിരം സമിതി, ടിക്കറ്റ് നിരക്കിന്റെ 48 ശതമാനം എന്നത് പകുതിയാക്കി കുറച്ചു. എന്നാൽ ഇനിയും ഇളവു വേണമെന്നാണ് കെസിഎയുടെ ആവശ്യം. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടത്തുന്ന ഐസിഎൽ ഉൾപ്പെടെയുള്ള മത്സരങ്ങൾക്ക് പരമാവധി 15 ശതമാനം തുകയാണ് കൊച്ചി കോർപറേഷൻ ഈടാക്കുന്നതെന്നും തലസ്ഥാന കോർപറേഷനും ഇക്കാര്യം പരിഗണിക്കണമെന്നുമാണ് കെസിഎയുടെ ആവശ്യം. എന്നാൽ സർക്കാർ നിർദേശം നൽകിയാൽ മാത്രമേ ഇനിയും നിരക്ക് കുറയ്ക്കാൻ കഴിയുകയൊള്ളൂവെന്ന നിലപാടിലാണ് കോർപറേഷൻ. നികുതി തുകയിൽ ഇളവു തേടി തദ്ദേശ വകുപ്പിനെ കെസിഎ സമീപിച്ചെങ്കിലും ഇതുവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ല. ഇതിനിടെയാണ് 24 ശതമാനം തുക അടയ്ക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ കത്ത് നൽകിയത്.