വയ്യാവേലിയായി പ്ലാന്റേഷന്‍ ഭൂമി നിയമം; ഭൂനികുതി അടയ്ക്കാനാവാതെ കുടുംബങ്ങൾ

മലപ്പുറം ചോക്കാട് പടയന്താളില്‍ വീടുവച്ചു വര്‍ഷങ്ങളായി താമസിക്കുന്ന കുടുംബങ്ങള്‍ ഭൂനികുതി അടക്കാനാവാതെ പ്രതിസന്ധിയില്‍. പ്ലാന്റേഷന്‍ ഭൂമി മുറിച്ചു വില്‍ക്കാന്‍ പാടില്ലെന്ന നിയമത്തിന്റെ പേരിലാണ് കുടുംബങ്ങളെ പ്രയാസത്തിലാക്കുന്നത്.

2010ലാണ് റബ്ബര്‍ എസ്റ്റേറ്റ് ഭൂമി നൂറിലേറെ കുടുംബങ്ങള്‍ മുറിച്ചു വാങ്ങിയത്. റജിസ്ട്രേഷന്‍ നടപടികളും തുടര്‍ന്ന് വില്ലേജ് ഒാഫീസില്‍ നിന്നുളള പോക്കുവരവുമെല്ലാം തടസമില്ലാതെ നടന്നു. പിന്നീടാണ് മുറിച്ചു വാങ്ങിയ പഴയ എസ്റ്റേറ്റു ഭൂമിയില്‍ നിന്ന് നികുതി സ്വീകരിക്കേണ്ടതില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ നികുതി സ്വീകരിക്കാന്‍ ഉത്തരവായി. എന്നിട്ടും വില്ലേജ് അധികൃതരുടെ ഭാഗത്തുനിന്ന്  പലവിധ തടസവാദങ്ങള്‍ പറഞ്ഞ് കുടുംബങ്ങളെ വലയ്ക്കുകയാണ്. 

തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ബാങ്കുവായ്പ എടുക്കാനോ മാര്‍ഗമില്ല. എസ്റ്റേറ്റ് ഭൂമി മുറിച്ചു വില്‍ക്കാന്‍ പാടില്ലെന്ന നിയമം റജിസ്ട്രേഷന്‍ സമയത്തു തന്നെ പ്രാവര്‍ത്തികമാക്കിയാല്‍ ഈ കുടുംബങ്ങളുടെ ദുരിതം ഒഴിവാക്കാമായിരുന്നു.