കെട്ടിട നികുതി വര്‍ധനയ്ക്കെതിരെ പ്രതിഷേധം ശക്തം

കോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നികുതി വര്‍ധനയ്ക്കെതിരെ പ്രതിഷേധം ശക്തം. വര്‍ധന അശാസ്ത്രീയമെന്നാണ് പരാതി. നിരക്ക് കുത്തനെ വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികളുടെയും നിലപാട്. 

നികുതി വര്‍ധിപ്പിക്കുന്നതിന് ആരും എതിരല്ല. കുത്തനെ കൂട്ടിയതാണ് പരാതികള്‍ക്ക് കാരണം. 2009 മുതല്‍ നടപടിക്രമം തുടങ്ങിയിരുന്നു. എന്നാല്‍ മിക്ക വീട്ടുടമകള്‍ക്കും ഈ വര്‍ധനവിനെക്കുറിച്ച് ധാരണപോലുമില്ല. പുതിയ കെട്ടിട നമ്പര്‍ കോര്‍പറേഷന്‍ നല്‍കിയിരുന്നു. പക്ഷേ രേഖകളിലെല്ലാം പഴയ നമ്പര്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. 

ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷമാണ് നികുതി വര്‍ധിപ്പിക്കുന്നത്. അഞ്ചുശതമാനംമുതല്‍ നൂറ് ശതമാനംവരെയാണ് കൂട്ടിയത്. 2016 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യവും ഉണ്ടായിരിക്കും. അറുന്നൂറ് ചതുരശ്രയടിക്ക് താഴെയുള്ള വീടുകളെ നികുതിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.