നികുതി കൂട്ടി വരുമാനമുയർത്തും; ജിഎസ്ടി പരിഷ്കരിക്കാനൊരുങ്ങി കേന്ദ്രം

സാമ്പത്തിക ഉത്തേജനത്തിന് ജിഎസ്ടി നിരക്കുകള്‍ പരിഷ്ക്കരിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നിലവിലെ നിരക്കുകള്‍ കുത്തനെ കൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് സൂചന. നികുതി വരുമാനം ഉയര്‍ന്നാലുടന്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. ഈമാസം 17, 18 തിയതികളിലാണ് നിര്‍ണായക ജിഎസ്ടി കൗസില്‍ യോഗം

    കുറഞ്ഞ സ്ലാബ് അഞ്ചു ശതമാനത്തില്‍ നിന്ന് ഒന്‍പതോ പത്തോ ശതമാനമാക്കി ഉയര്‍ത്താനാണ് നീക്കം. നിലവില്‍ 12 ശതമാനം നിരക്കുള്ള 243 ഉല്‍പ്പന്നങ്ങള്‍ 18 ശതമാനം സ്ലാബിലേയ്ക്ക് കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുണ്ട്. വിലകൂടാന്‍ സാധ്യതയുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇവയാണ് ; ഹോട്ടല്‍ ഭക്ഷണവും താമസവും, വിമാനയാത്ര, ഫസ്റ്റ് എസി / സെക്കന്‍ഡ് എസ് ട്രെയിന്‍ യാത്ര, ധാന്യപ്പൊടികള്‍, പനീര്‍, പാം ഒായില്‍, ഒലീവ് ഒായില്‍, പീസ്ത, പായ്ക്ക് ചെയ്ത മോര്, സില്‍ക്ക്,  ലിനന്‍ വസ്ത്രങ്ങള്‍, പുരുഷന്മാരുടെ സ്യൂട്ടുകള്‍, വിനോദ സഞ്ചാര ബോട്ടുകള്‍, ആഡംബരക്കപ്പല്‍ യാത്ര, കാറ്ററിങ്, വിനോദ സഞ്ചാരമേഖലയിലെ സേവനങ്ങള്‍, മൊബൈല്‍ ഫോണ്‍, ലോട്ടറി, പെയിന്‍റിങ്ങുകള്‍. ഇതുകൂടാതെ ഇതുവരെ നികുതിയില്ലാതിരുന്ന വന്‍കിട സ്വകാര്യ ആശുപത്രികളിലെ ചികില്‍സ, ആയിരം രൂപയില്‍ താഴെ വാടകയുടെ ഹോട്ടല്‍ മുറികള്‍, കള്ള് എന്നിവയ്ക്ക് ജിഎസ്ടി ഏര്‍പ്പെടുത്താനും നീക്കമുണ്ട്. ഒരുലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 2017 ല്‍ ജിഎസ്ടിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ടുലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമാണ് നേരിട്ടത്. 

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് നികുതി കൂട്ടി വരുമാനമുയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. സാധാരണക്കാരുടെ നടുവൊടിക്കില്ലെന്ന് ഉറപ്പു പറയുമ്പോഴും ആശങ്കകള്‍ ബാക്കിയാണ്.