ഹർഡിൽസിൽ സ്വർണം 'സീനിയറിനും ജൂനിയറിനും'; മിന്നും താരങ്ങളായി സഹോദരങ്ങൾ

ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ സീനിയര്‍, ജൂനിയർ വിഭാഗങ്ങളിൽ സ്വർണം നേടിയത് സഹോദരങ്ങൾ. സീനിയർ വിഭാഗത്തിൽ സൂര്യജിത്തും ജൂനിയറിൽ വിശ്വജിത്തുമാണ് ഒന്നാമതെത്തിയത്. ചേട്ടൻ സ്ഥാപിച്ച റെക്കോർഡ് തകർക്കാനാകാത്തത് നിരാശയായെന്ന് അനുജൻ വിശ്വജിത് പറഞ്ഞു.  മാതാപിതാക്കളുടെ മുന്നിലായിരുന്നു മക്കളുടെ കുതിപ്പ്. 

കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാന സ്കൂൾ മീറ്റ് കഴിയുമ്പോൾ പാലക്കാട്‌ യാക്കരയിലെ വീട്ടിലേക്ക് ഒരു സ്വർണമെങ്കിലും എത്താറുണ്ട്. കണ്ണൂരിൽ നിന്നും മൂന്ന് സ്വർണ്ണമാണ് ഈ കുടുംബം കൊണ്ടുപോകുന്നത് . ഡബിൾ നേട്ടത്തോടെ സൂര്യജിത് സംസ്ഥാന സ്കൂൾ കായികമേളയിൽ നിന്നും വിടപറയുമ്പോൾ അച്ഛന്റെ മുഖത്ത് സൂര്യതെളിച്ചം. 

ജൂനിയർ വിഭാഗം 110 മീറ്റർ ഹാർഡിൽസിലാണ് അനുജൻ വിശ്വജിത് സ്വർണ്ണം നേടിയത്.മക്കൾ പരിശീലനത്തിന് പോകുമ്പോൾ പതിവായി എല്ലാ ദിവസവും തങ്ങളും ഗ്രൗണ്ടിലെത്താറുണ്ടെന്ന് അമ്മ പറയുന്നു. 400 മീറ്റർ ഹാർഡിൽസിൽ പത്തുവട്ടം ഇന്ത്യയെ പ്രതിനിധീകരിച്ച സി.ഹരിദാസിന്റെ ശിഷ്യരാണ് രണ്ട് പേരും.