അകക്കണ്ണ് കൊണ്ട് പന്തെറിയാൻ കേരളാ ടീം; ജേഴ്സി പ്രകാശനം ചെയ്തു

കാഴ്ച പരിമിതര്‍ക്കുള്ള ട്വന്റി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റായ നാഗേഷ് ട്രോഫിയുടെ രണ്ടാം പതിപ്പിനൊരുങ്ങി കേരളാ ടീം. 11 വേദികളിലായി 24 ടീമുകളാണ് നാഗേഷ് ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മല്‍സരങ്ങള്‍ക്ക് മുന്നോടിയായി കേരളാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിന്റെ ജേഴ്സി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.

അകക്കണ്ണുകൊണ്ട് പന്തെറിയാനൊരുങ്ങുകയാണ് കേരളാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിെല ചുണക്കുട്ടികള്‍. കൊച്ചി ചെന്നൈയുമടക്കം 11 വേദികളിലാണ് നാഗേഷ് ട്രോഫി ടൂര്‍ണമെന്റ് അരങ്ങേറുക.  കേരളത്തിലെ മല്‍സരങ്ങള്‍ നവംബര്‍ 21 മുതല്‍ 23 വരെ കൊച്ചിയില്‍ നടക്കുന്ന മല്‍സരത്തില്‍ ജാര്‍ഖണ്ഡ്, ആന്ധ്ര, മഹാരാഷ്്ട്ര എന്നീ ടീമുകളുമായാണ് കേരളം കൊമ്പുകോര്‍ക്കുന്നത്. . കളമശേരി സെന്റ് പോള്‍സ് ഗ്രൗണ്ടാണ് വേദി. ഗ്രൂപ്പ് മല്‍സരങ്ങള്‍ ഡിസംബര്‍ 10നും 11നും ചെന്നൈയില്‍ നടക്കും. അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരളയാണ് കൊച്ചിയിലെ മല്‍സരങ്ങളുടെ സംഘാടകര്‍. കേരള  ബ്ലൈന്‍ഡ് ക്രിക്കറ്റ് അണ്ടര്‍ 16 ടീമിനെയും വനിതാ ടീമിനെയും ചടങ്ങില്‍ പ്രഖ്യാപിച്ചു. ആദ്യമായാണ് കേരളത്തില്‍ കാഴ്ച പരിമിതര്‍ക്കുള്ള വനിതാ ക്രിക്കറ്റ് ടീം രൂപീകരിക്കുന്നത്.