അന്ന് റോണാള്‍ഡോയുടെ വിശപ്പടക്കാന്‍ സഹായിച്ച ഒരാള്‍ ഇതാ; കനിവിന്റെ കഥ

അതൊരു കെട്ടുകഥയല്ലെന്ന് എല്ലാവരുമറിഞ്ഞല്ലോ, എന്റെ മകനെങ്കിലും ഇനി ആ കഥയോർത്ത് അഭിമാനിക്കും! – പറയുന്നത് പോർച്ചുഗലിൽനിന്ന് പൗല ലീസ എന്ന വീട്ടമ്മയാണ്. കഴിഞ്ഞ ദിവസം ടെലിവിഷൻ അഭിമുഖത്തിൽ പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ വെളിപ്പെടുത്തലിലെ നായികമാരിൽ ഒരാൾ. കുട്ടിക്കാലത്ത് ഫുട്ബോൾ പരിശീലനം കഴിഞ്ഞ്, കയ്യിൽ പണമില്ലാതെ വിശന്നു വലഞ്ഞു നിൽക്കുമ്പോൾ സമീപത്തെ മക്ഡോനൽസ് റസ്റ്ററന്റിലെ ജീവനക്കാരായ 3 പെൺകുട്ടികൾ മിച്ചം വന്ന ബർഗറുകളും മറ്റും തനിക്കും കൂട്ടുകാർക്കും നൽകുമായിരുന്നു എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ വെളിപ്പെടുത്തൽ.

അവരെ തനിക്കൊപ്പം വിരുന്നുകഴിക്കാനും ക്രിസ്റ്റ്യാനോ ക്ഷണിച്ചിരുന്നു. പ്രാദേശിക റേഡിയോ സ്റ്റേഷൻ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അതിലൊരാൾ താനാണെന്ന വെളിപ്പെടുത്തലുമായി പൗല ലീസ രംഗത്തു വന്നത്.

‌‘അവർ കുറച്ചു കുട്ടികൾ കിയോസ്കിനു മുന്നിൽ വരുമായിരുന്നു. അവരിൽ ഫുട്ബോൾ കളി കഴിഞ്ഞ് ഏറ്റവും ക്ഷീണിച്ചിരുന്നതു ക്രിസ്റ്റ്യാനോയായിരുന്നു. മാനേജരുടെ അനുവാദത്തോടെ ഞങ്ങൾ അവർക്ക് ബർഗർ നൽകുമായിരുന്നു’– പൗല പറഞ്ഞു.

ഇക്കാര്യം മുൻപു തന്റെ മകനോടു പറഞ്ഞിട്ടുണ്ടെങ്കിലും അവൻ അതു വിശ്വസിച്ചിരുന്നില്ല എന്ന് പൗല പറയുന്നു. ക്രിസ്റ്റ്യാനോയെപ്പോലെ ഒരാളെ അങ്ങനെ സങ്കൽപിക്കാൻ ആർക്കും സാധിക്കില്ലല്ലോ. എന്നാൽ തന്റെ ഭർത്താവിന് ഇക്കാര്യം അറിയാമായിരുന്നെന്നും പൗല പറഞ്ഞു.

ഒപ്പം അത്താഴവിരുന്ന് കഴിക്കാനുള്ള ക്രിസ്റ്റ്യാനോയുടെ ക്ഷണം താൻ സ്വീകരിക്കുന്നതായും പൗല പറഞ്ഞു. ക്രിസ്റ്റ്യാനോയുടെ മനുഷ്യത്വമാണ് ഒരിക്കൽക്കൂടി വ്യക്തമാകുന്നത്