ആ ആറു റൺസ് വേണ്ടെന്ന് അംപയറോട് പറഞ്ഞിട്ടില്ല; സത്യം പറഞ്ഞ് സ്റ്റോക്സ്

ലോകകപ്പ് ഫൈനലിലെ വിവാദമായ ആറു റൺസ് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. അംപയറിനോട് അങ്ങനെ താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല. ആ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആറ് റൺസ് അനുവദിക്കപ്പെട്ടയുടൻ ടോം ലാഥമിനടുത്ത് ചെന്ന് മാപ്പ് ചോദിച്ചെന്നും , കെയ്ൻ വില്യംസണെ നോക്കിയും ഇതാവർത്തിച്ചുവെന്നും ബെൻ സ്റ്റോക്സ് വെളിപ്പെടുത്തി. 

വിവാദമായ ആ റൺസ് വേണ്ടെന്ന് സ്റ്റോക്സ് അംപയറോട് പറഞ്ഞതായി സഹതാരമായ ജെയിംസ് ആന്‍ഡേഴ്സണാണ് അവകാശപ്പെട്ടിരുന്നത്. ജൂലൈ 14 ന് നടന്ന ഇംഗ്ലണ്ട്-ന്യൂസിലൻഡ് ഫൈനലിൽ കിവീസ് മുന്നിട്ട് നിൽക്കുമ്പോഴായിരുന്നു വിവാദമായി മാറിയ ആ ആറു റൺസ് പിറന്നത്. മിഡ് വിക്കറ്റ് ഫീൽഡറിൽ നിന്നും വന്ന പന്ത് അബദ്ധത്തിൽ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി ലൈനിലേക്ക് എത്തുകയായിരുന്നു. രണ്ടാം റണിനായി ഓടുന്നതിനിടയിലായിരുന്നു ഇത്. അംപയർ കുമാർ ധർമസേന സിക്സ് അനുവദിച്ചതോടെ കളിയുടെ ഫലം മാറിമറിയുകയായിരുന്നു.