കോലി–രോഹിത് പോര് പുതിയ തലങ്ങളില്‍; തീര്‍ക്കാന്‍ ശാസ്ത്രി വടിയെടുക്കുന്നു

ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മയുമായുള്ള അഭിപ്രായഭിന്നത ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സന്തുലിതാവസ്ഥയെ തന്നെ ബാധിക്കുന്ന തലത്തിലേയ്ക്ക് കടക്കുമ്പോഴാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഇടപെടുന്നത്.  ബോര്‍‍ഡിന്റെ സിഇഓയ്ക്കും ടീം കോച്ച് രവി ശാസ്ത്രിക്കുമാണ് ഭിന്നത പരിഹരിക്കാനുള്ള ചുമതല. 

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യമല്‍സരത്തിന് ഇറങ്ങും മുമ്പ് തര്‍ക്കം തീര്‍ക്കാനാണ് ബോര്‍ഡിന്റെ നീക്കം. ട്വന്റി 20യിലും ഏകദിനത്തിലും ടീമിന്റെ ബാറ്റിങ് കരുത്ത് വിരാട് കോലിയിലും രോഹിത് ശര്‍മയിലുമാണ്. അതിനാല്‍ ഇവര്‍ തമ്മിലെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അത് ടീമിന്റെ തന്നെ പ്രകടനത്തെ ബാധിച്ചേക്കും. 

 

രവി ശാസ്ത്രി വടിയെടുത്താല്‍ തീരുമോ പ്രശ്നം?

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോലിയും ഒറ്റക്കെട്ടാണെന്നും അവര്‍ തീരുമാനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നുവെന്നും ആണ് രോഹിത് ശര്‍മയുടെയും ശര്‍മയെ പിന്തുണയ്ക്കുന്ന മറ്റ് താരങ്ങളുടെയും പരാതി. ടീം തിരഞ്ഞെടുപ്പിലും പ്ലയിങ്് ഇലവനെ നിശ്ചയിക്കുന്നതിലും ബാറ്റിങ് ഓര്‍ഡറിലെ തീരുമാനവും ഇവരുടേത് മാത്രമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലോകകപ്പിനുള്ള ടീമില്‍ നിന്ന് അമ്പട്ടി റായിഡുവിനെ ഒഴിവാക്കിയതും വിജയ് ശങ്കറെ ഉള്‍പ്പെടുത്തിയതും കെ.എല്‍.രാഹുലിന് അമിതമായ പിന്തുണനല്‍കിയതും രവീന്ദ്ര ജഡേയ്ക്ക് അവസരങ്ങള്‍ നിഷേധിച്ചതും ചാഹലിനും കുല്‍ദീപിനും ആവശ്യത്തിലേറെ അവസരങ്ങള്‍ ലഭിച്ചതും ഋഷഭ് പന്തിനെ അകറ്റി നിര്‍ത്തിയതുമെല്ലാം ശാസ്ത്രി–കോലി സഖ്യത്തിന്റെ മാത്രം തീരുമാനങ്ങള്‍ എന്നാണ് ആക്ഷേപം ഉയര്‍ന്നത്. 

രോഹിത് ശര്‍മയെയും ജസ്പ്രീത് ബുംറയെയും അവര്‍ ബഹുമാനിച്ചത് ഒഴിവാക്കാനാവാത്ത പ്രതിഭയെ കരുതിയാണെന്നുവരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തമ്മിലെ ഭിന്നത സത്യമെന്ന് തെളിയിക്കുന്നതായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. 

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ രവി ശാസ്ത്രി ടീമിനെ അഭിസംബോധന ചെയ്യുമെന്നും കളിക്കാരോട് ഗ്രൂപ്പിസത്തില്‍ അല്ല പ്രകടനത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നും ഇതാനയി താരങ്ങളോട് കര്‍ശനമായി നിര്‍ദേശിക്കുമെന്നുമാണ് അറിയുന്നത്. ഒപ്പം ടീമിലെ സ്ഥാനം പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തിലാവുമെന്ന് ശാസ്ത്രി സംശയമില്ലാതെ പറയുമ്പോള്‍ പ്രശ്നങ്ങള്‍ക്ക് അവസാനം ആകുമെന്നാണ് പ്രതീക്ഷ. 

ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ അമേരിക്കയില്‍ ആയതിനാല്‍ ബോര്‍ഡ് സിഇഓ താരങ്ങളെ അവിടെ വച്ച് കണ്ട് സംസാരിക്കുമെന്നും, ഗ്രൂപ്പായും വ്യക്തിപരമായും സംസാരിച്ച് കാര്യങ്ങളില്‍ വ്യക്തത വരുത്തുമെന്നുമാണ് ബിസിസിഐ പറയുന്നത്. എന്നാല്‍ മുന്‍വിധിയോടും മറ്റ് താരങ്ങളോടും ആലോചിക്കാതെയും തീരുമാനങ്ങള്‍ എടുക്കുന്ന രവി ശാസ്ത്രിക്ക് ടീമിനെ പ്രചോദിപ്പിക്കാനാകുമോ എന്നതിന് ഉത്തരം വീന്‍ഡീസ് പര്യടനം ഉത്തരം നല്‍കും. 

ഓഗസ്റ്റ് മൂന്നിന് മൂന്നുമല്‍സരങ്ങളുടെ ട്വന്റി 20 പരമ്പരയോടെ തുടങ്ങും. പിന്നാലെ മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പരയും തുടങ്ങും. ഓഗസ്റ്റ് 22 മുതലാണ് ടെസ്റ്റ് പരമ്പര.