‘കളി കടലാസിലല്ല; കളിക്കളത്തിലാണ്’; ഇന്ത്യന്‍ തോല്‍വിയുടെ കാര്യകാരണങ്ങള്‍

പരീക്ഷയിൽ ജയിക്കും എന്നുറപ്പുള്ളവർക്ക് സമ്മർദ്ദം ലവലേശം ഉണ്ടാകില്ല. തോൽക്കും എന്നുറപ്പുള്ളവർക്കും സമാനചിന്ത ആകാനാണ് സാധ്യത.

ജയ പരാജയമനസുകളെ ആശ്രയിച്ചിരിക്കും അന്തിമവിധി. ഇന്ത്യാ-ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിന്റെ വിധിയും ആ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്.

രണ്ടുദിനം നീണ്ട ഏകദിന മത്സരം.

അന്തിമ ജയം ന്യൂസിലൻഡിനൊപ്പം നിന്നു.

കളിയ്ക്കു മുൻപേ ജയിച്ചവരാണ് ഇന്ത്യ.

പക്ഷേ അങ്ങനെയല്ലല്ലോ കളിയിലെ യാഥാർത്ഥ്യം.

അതിന് കളി തീരും വരെ കാത്തിരിക്കണം.

(ഇതു സെമി) ഇതു പോലൊരു ഫൈനലിലാണ് 1983ൽ കളിക്കുമുൻപേ ജയിച്ച കരുത്തരായ വെസ്റ്റ് ഇൻഡീനെ തോൽപ്പിച്ച് ഇൻഡ്യ ലോക ജേതാക്കളായത്.

കടലാസിലെ വിലയിരുത്തൽ കളിയല്ല കളിക്കളത്തിലേതെന്ന്‌ ഇനിയും ടീം ഇന്ത്യ മനസിലാക്കിയില്ലെങ്കിൽ സ്വയം പഴിക്കുകയേ നിവൃത്തിയുള്ളൂ.

240 എന്ന വിജയലക്ഷ്യം പ്രതിരോധിക്കുക എന്നത് ഇന്ത്യയ്ക്ക് ഒരു വലിയ വെല്ലുവിളിയായി തോന്നിയിരിക്കില്ല. ന്യൂസിലൻഡിനെതിരെ പ്രത്യേകിച്ചും. ആ ആത്മവിശ്വാസമാകാം പരാജയത്തിന്റെ ആദ്യ കാരണവും.

കിവി ബൗളമാർ നന്നായി പന്തെറിഞ്ഞു. രോഹിത്‌ ശർമയെ വീഴ്ത്തിയ പന്ത് മനോഹരം തന്നെ.

പക്ഷേ ലോകേഷ് രാഹുൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

ആദ്യ നാലോവർ പിന്നിടുമ്പോഴെ 'കരുത്തരായ ഇന്ത്യ' പരാജയം സമ്മതിച്ചിരുന്നു.

ജയ പ്രതീക്ഷ നൽകിയത് ധോനി - ജഡേജ വിക്കറ്റ് കൂട്ടുകെട്ടാണ് എന്നത് തർക്കമില്ലാത്ത കാര്യം.

സഞ്ജയ് മഞ്ജരേക്കർ പറഞ്ഞ 'ഗുണമില്ലാത്ത' ജഡേജയാണ് ഇൻഡ്യൻ പ്രതീക്ഷകൾക്ക് പുതുജീവൻ നൽകിയത്. ജഡേജ പുറത്തായതോടെ അത് അസ്തമിക്കുകയും ചെയ്തു. ഒപ്പം അനിവാര്യമായ പരാജയം കൈവരിക്കുകയും ചെയ്തു. 

വാഴ്ത്തുപാട്ടുകാർക്ക് എന്തും പറയാം.

പക്ഷേ, പാക്കിസ്ഥാനെ പുറത്താക്കാൻ ഇംഗ്ലണ്ടിനെതിരെ ഇതിഹാസം കാട്ടിയ ആത്മാർഥതയുടെ പകുതിയെങ്കിലും ന്യൂസീലന്‍ഡിനെതിരെ കാട്ടേണ്ടതായിരുന്നു. കുറഞ്ഞ പക്ഷം ന്യൂസീലന്‍ഡിനെതിരെയുള്ളത് സെമിയാണെന്നും നോക്ക് ഔട്ട് ആണെന്നുള്ളതും ഇടയ്ക്കിടെ ഓർക്കേണ്ടതായിരുന്നു.

ശരിയാണ് ക്രീസിൽ വന്നതുമുതൽ ധോനി കളിച്ചത് മികച്ച കളി തന്നെയായിരുന്നു. വലിയ തകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റേണ്ട ചുമതലയോർമിച്ച്, കരുതലോടെ നീങ്ങിയ കളി. നാൽപ്പത്തി അഞ്ചാം ഓവർ വരെ അതു ശരിയുമായിരുന്നു. ധോനി - ജഡേജ കൂട്ടുകെട്ട് പൊളിഞ്ഞാൽ ആ നിമിഷം കളി കൈവിടും എന്നറിയാൻ ഏത് ശരാശരി കളിയാസ്വാദകനും കഴിയും എന്നത് സാമാന്യ യുക്തിയാണ്. എന്നിട്ടും ജഡേജ കളിച്ചു. മികച്ചു തന്നെ. ജഡേജയെ പഴിക്കേണ്ടതില്ല. (സഞ്ജയ് മഞ്ജരേക്കർ ഒഴികെ) ആ നിമിഷത്തിൽ, കളിയുടെ ആ പോക്കിൽ ജഡേജയ്ക്ക് അതിനെ ആകുമായിരുന്നുള്ളൂ. അത്രയ്ക്ക് 'വേഗമായിരുന്നു'വല്ലോ മറുതലയ്ക്കൽ.

ഒന്നിനു പകരം രണ്ട് റൺ ആ നിമിഷത്തിൽ അനിവാര്യതയ്ക്കപ്പുറം അത്യന്താപേഷിതമായിരുന്നു. പക്ഷേ ഭുവനേശ്വർ കുമാറിനെ അത്രകണ്ട് അവിശ്വസിക്കേണ്ടിയിരുന്നോ എന്ന ചോദ്യം ശരാശരി ക്രിക്കറ്റ് പ്രേമിയുടെ മനസിലുണ്ടാകും. 

ന്യൂസീലൻഡിന് അഭിമാനിക്കാം.

കണക്കിനും കടലാസിലെ കളിയ്ക്കുമപ്പുറം കരുത്തരെ ആദ്യാവസാനം സമ്മർദ്ദത്തിൽ നിർത്താൻ അവർക്കായല്ലോ. ഒരിക്കൽ പോലും സമ്മർദ്ദമുയർത്താൻ എതിരാളികളെ അനുവദിച്ചില്ലല്ലോ?

ആർക്കാകും ശരിക്കും മനസിലെങ്കിലും കിവികൂട്ടം നന്ദി പറഞ്ഞിട്ടുണ്ടാകുക.

ഇൻഡ്യൻ മുൻനിര നോക്കൗട്ടിൽ അമ്പേ പാളി.

പക്ഷേ എല്ലാ കളിയും ജയിപ്പിക്കേണ്ട ബാധ്യത മുൻനിരയ്ക്കു മാത്രം അവകാശപ്പെട്ടതാണോ എന്നതും ചിന്തിതമാണ്‌.

മുൻനിരയ്ക്കൊപ്പം മധ്യനിരയും വാലറ്റവും ചേരുന്നതാണല്ലോ ഒരു ടീം. 

ബ്ലാക് കാപ്സ് ഒരിക്കൽക്കൂടി ഫൈനലിലേക്കെത്തി. തുടർച്ചയായ രണ്ടാം വട്ടവും കപ്പിനരികെ.

കഴിഞ്ഞവട്ടം കൈവിട്ടത് ഇക്കുറി കൈപ്പിടിയിലൊതുക്കുമോ എന്നത് കാത്തിരുന്നു കാണാം.