എന്നെ ഞാനാക്കിയത് ധോണി; അദ്ദേഹം ടീമിന്റെ അവിഭാജ്യ ഘടകം: പ്രശംസിച്ച് കോലി

ക്യാപ്റ്റന്‍ എന്ന നിലയിൽ വളരാൻ ഏറ്റവുമധികം സഹായിച്ചത് ധോണിയാണെന്ന് കോലി. സ്വന്തം കഴിവുകൾ കണ്ടെത്താനും സ്വയം തിരിച്ചറിയാനും സാധിച്ചത് ധോണിയുടെ കീഴിൽ കളിക്കാൻ കഴിഞ്ഞതോടെയാണെന്നും ഇന്ത്യൻ നായകൻ പ്രശംസിച്ചു. ധോണിയുടെ പ്രകടനം അത്ര പോരെന്ന് ആക്ഷേപം ഉയരുന്നതിനിടയിലാണ് മുൻ ക്യാപ്റ്റന് ഉറച്ച പിന്തുണയുമായി കോലി എത്തിയിരിക്കുന്നത്. 

നിർണായകമായ തീരുമാനങ്ങൾ എടുക്കാനുണ്ടെങ്കിൽ താൻ ആദ്യം ആശ്രയിക്കുക ധോണിയെയാണ്. അദ്ദേഹത്തിനൊപ്പം ഇത്രയും നാൾ കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്. ടീമിലെ ഓരോരുത്തരോട് ചോദിച്ചാലും അവർക്ക് എല്ലാവർക്കും  ധോണിയെ കുറിച്ച് പറയാൻ സ്പെഷ്യലായി എന്തെങ്കിലും കാണുമെന്നും കോലി പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വലിയതാണെന്നും കോലി വ്യക്തമാക്കി.

നാളെ ന്യൂസിലാൻഡിനെ നേരിടുമ്പോൾ നിർണായക പങ്ക് മുൻ ക്യാപ്റ്റന് വഹിക്കാനുണ്ടാകുമെന്നതിൽ സംശയം വേണ്ട. ടീമെന്ന നിലയിൽ ഇന്ത്യ നേടുന്ന വിജയങ്ങൾക്ക് ധോണിയോട് കടപ്പെട്ടിരിക്കുന്നുവെന്നും വിരാട് കോലി കൂട്ടിച്ചേർത്തു. ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം ധോണി പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടുണ്ട്. ഓൾഡ് ട്രഫോഡിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും കോലി കൂട്ടിച്ചേർത്തു. 

ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിക്കാണ് മാഞ്ചസ്റ്ററിൽ ലോകകപ്പിലെ ആദ്യ സെമി മത്സരം നടക്കുക.