കോലിയുടെ മുറിയിൽ കയറിയ ആളെ ജോലിയിൽനിന്നു പുറത്താക്കി; മാപ്പപേക്ഷിച്ച് ഹോട്ടൽ അധികൃതർ

ഓസ്ട്രേലിയയിൽ ട്വന്റി ട്വന്റി ലോകകപ്പിനെത്തിയ വിരാട് കോലിയുടെ ഹോട്ടൽ  മുറിക്കുള്ളിൽ അതിക്രമിച്ചുകടന്ന് ഒരു ആരാധകൻ   പകർത്തിയ ദൃശ്യങ്ങൾ ഇന്നാണ് സാമൂഹികമാധ്യമങ്ങൾ വഴി പുറത്തായത്. കോലിയുടെ വസ്ത്രങ്ങളും ബാഗുകളും ചെരുപ്പുകളും കിടക്കയും ബാത്റൂമുമെല്ലാം വിഡിയോയിലുണ്ട്. ഇത് സ്വകാര്യതയിലേക്കുള്ള അതിരുവിട്ട കടന്നുകയറ്റമാണെന്നാണ് വിഡിയോ പുറത്തായശേഷം കോലി പ്രതികരിച്ചത്. 

ഇപ്പോഴിതാ  വിരാട് കോലിയുടെ മുറിയിൽ കയറി ദൃശ്യങ്ങൾ പകർത്തിയത് ഹോട്ടൽ ജീവനക്കാരൻ തന്നെയാണ് എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. കോലിയുടെ മുറിയിൽ കയറിയ ആളെ ജോലിയിൽനിന്നു പുറത്താക്കിയതായി ഹോട്ടൽ പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ ഹോട്ടൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു. 

ഹോട്ടൽ മുറിയിൽപ്പോലും സ്വകാര്യത ലഭിക്കുന്നില്ലെങ്കിൽ പിന്നെ എവിടെയാണ് തന്റെ വ്യക്തിപരമായ ഇടമെന്ന് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ച് കോലി ചോദിച്ചു. വിഡിയോ കണ്ടപ്പോൾ കടുത്ത ഭീതിയും ആശങ്കയുമാണ് ഉണ്ടായത്. ആളുകളെ വിനോദത്തിനുള്ള ഉപകരണമായി മാത്രം കാണരുതെന്നും വ്യക്തിപരമായ സ്വകാര്യത മാനിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 

വിരാട് കോലി മുറിയിൽ ഇല്ലാത്ത സമയത്താണ് ഹോട്ടൽ ജീവനക്കാരൻ ദൃശ്യങ്ങൾ പകർത്തിയതെന്നു വി‍ഡിയോയിൽനിന്നു വ്യക്തമാണ്. എന്നാൽ ആരാണ് അനുമതിയില്ലാതെ മുറിയിൽ അതിക്രമിച്ചു കടന്നതെന്നു കോലി വെളിപ്പെടുത്തിയിരുന്നില്ല. താരങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ ആരാധകർ തയാറാകണമെന്നും വിനോദത്തിനുള്ള വസ്തുക്കളായി താരങ്ങളെ കാണരുതെന്നും കോലി പ്രതികരിച്ചു. 

കോലിയുടെ ഭാര്യ അനുഷ്ക ശർമയും വി‍‍ഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടവരെ അതിരൂക്ഷമായി വിമർശിച്ചു. മുൻപും ആരാധകർ അതിരുവിട്ട് പെരുമാറിയിട്ടുണ്ടെങ്കിലും ഇത്രത്തോളം ഒരിക്കലും സംഭവിച്ചി‌ട്ടില്ലെന്ന് അനുഷ്ക പറഞ്ഞു. നിങ്ങളുടെ കിടപ്പുമുറിയുടെ ദൃശ്യങ്ങൾ മറ്റാരെങ്കിലും ചിത്രീകരിച്ച് പുറത്തുവിട്ടാൽ എന്തുതോന്നും എന്നാലോചിക്കണം. സ്വയം നിയന്ത്രണം എല്ലാവർക്കും നല്ലതാണെന്നും അനുഷ്ക പറഞ്ഞു.

Virat Kohli Hotel Room Video Leak: Hotel issues apology, fires staff for security breach