'കഥ ഇനിയാണ് ആരംഭിക്കുന്നത്'; ലോകകപ്പ് സക്വാഡിലേക്ക് സഞ്ജുവിന്‍റെ മാസ് എന്‍ട്രി

ഫോമിലെത്തിയാല്‍ ഏതൊരു ലോകോത്തര ബൗളറും ഭയക്കുന്ന വെടിക്കെട്ട് ബാറ്റര്‍, വിക്കറ്റിനു പിന്നില്‍ മിന്നല്‍ വേഗതയുള്ള ബ്രില്യന്‍റ് വിക്കറ്റ് കീപ്പര്‍,  ടീം അംഗങ്ങളോട് വളരെ സൗമ്യനായി ചങ്ങാത്തത്തോടെ ഇടപെടുന്ന പ്ലെയര്‍,കൃത്യമായ ഗെയിം പ്ലാനോടെ ടീമിനെ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ വിശ്വസ്ഥനായ നായകന്‍, അങ്ങനെ വിവിധ വേഷങ്ങളില്‍ തിളങ്ങുന്ന താരം. പേര് സഞ്ജു സാംസണ്‍. 

പക്ഷേ ഐപിഎല്‍ മത്സരങ്ങളില്‍ സഞ്ജു കത്തിക്കയറിയപ്പോഴും ടീം സെലക്ടര്‍മാര്‍ ആ പ്രകടനങ്ങള്‍ക്കു നേരെ കണ്ണടച്ചു.  ഋഷഭ് പന്ത് തിരികെയെത്തിയപ്പോള്‍ സഞ്ജുവിന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റുവെന്ന് പലരും വിധിയെഴുതി. എന്നാല്‍ കണ്‍സിസ്റ്റന്‍സിയുടെ പേരില്‍ പരിഹസിച്ചവർക്കും അവഗണിച്ചവർക്കുമുള്ള മറുപടിയും ഇക്കുറി സഞ്ജു സാംസണ്‍ ബാറ്റ് കൊണ്ട് നല്‍കി. ടീമിനെ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തിച്ച് കിരീടത്തിലേക്ക് കുതിക്കുമ്പോഴേക്കും ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തി. 

ലഖ്നൗവിനെതിരായ അവസാന മത്സരത്തില്‍  യാഷ് താക്കൂറിന്‍റെ പന്ത് ബൗണ്ടറി ലൈനിനു മുകളിലൂടെ പറത്തിവിട്ട ശേഷം ഇന്നോളം കാണാത്തൊരു സഞ്ജുവിനെ അന്ന് മൈതാനത്ത് കണ്ടു. അതെ അദ്ദേഹം ശൈലികള്‍ മാറ്റിത്തുടങ്ങിയിരുന്നു. ഒരറ്റത്ത് നിന്ന് സഞ്ജു സാംസണ്‍ പൊളിച്ചടുക്കിത്തുടങ്ങിയാല്‍ ആ അഗ്രഷന് തടയിടാന്‍ ഏതൊരു ലോകോത്തര ബൗളറും വിയര്‍ക്കും. അതിനു തെളിവാണ് ഐപിഎല്‍ 17-ാം സീസണില്‍  സഞ്ജുവിന്‍റെ പ്രകടനം.  9 മത്സരങ്ങളില്‍ നിന്ന് നാല് അർധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 385 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ഇതുവരെ അടിച്ചുകൂട്ടിയത്.

സ്ട്രൈക്ക് റേറ്റ് 160ന് മുകളില്‍. ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇന്നിങ്സുകളായിരുന്നു അവയില്‍ മിക്കവയും. അതുകൊണ്ട് ഈ ലോകകപ്പില്‍ നീലക്കുപ്പായമണിയാന്‍ സഞ്ജുവിനോളം പ്രാപ്തനായ മറ്റൊരു താരവും ഇല്ലെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ ടീമിലേക്കുള്ള ക്ഷണം എത്തിയത്.  

ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. സഞ്ജുവിന് ചെയ്യാന്‍ ഒരുപാടുണ്ട്. മുന്‍നിര തകര്‍ന്നാല്‍ ടീമിനെ തോളിലേറ്റാന്‍, വിക്കറ്റിനു പിന്നില്‍ ടീമിന്‍റെ വിജയം കാക്കാന്‍ വിശ്വസ്തനായ ഒരു കളിക്കാരനായാണ് സഞ്ജു ടീമിലെത്തുന്നത്. കൂറ്റനടികള്‍ കൊണ്ട് ബൗളര്‍മാരെ വിറപ്പിക്കാനുള്ള കൈക്കരുത്ത് സഞ്ജുവിനുണ്ടെന്ന് ഇതിനോടകം പലവതവണ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പിലേറ്റ മുറിവുണക്കാന്‍ ഇത്തവണ സഞ്ജു എന്ന മലയാളി സാന്നിദ്ധ്യം നിമിത്തമാകട്ടെയെന്ന പ്രാര്‍ഥനയിലാണ് ക്രിക്കറ്റ് ലോകം. 

Sanju Samson Entry To T20 Worldcup Squad