‘ആരാധകർ അതിർവരമ്പുകൾ മറക്കരുത്’: ഹോട്ടൽമുറി ദൃശ്യങ്ങളിൽ പ്രതിഷേധിച്ച് കോലി

തന്റെ ഹോട്ടല്‍ മുറിയുടെ ദൃശ്യങ്ങള്‍ പുറത്തായതില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ താരം വിരാട് കോലി. ആരാധകര്‍  താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒരു പരിധിയില്‍ കൂടുതല്‍ കടന്നുകയറരുതെന്നാണ് ഇന്‍സ്റ്റ ഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്കൊപ്പം കോലി പറയുന്നത്  ട്വന്റി 20 ലോകകപ്പില്‍ രണ്ട് അര്‍ധസെഞ്ചുറിയടക്കം നേടി ഫോമില്‍ നിക്കുമ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ വിരാട് കോലിയുടെ റൂമിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ആരാധകരുള്‍പ്പടെ ഈ ദൃശ്യം പങ്കുവയ്ക്കുന്നുണ്ട്.

ദൃശ്യങ്ങള്‍ പ്രചരിച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് വിരാട് കോലി.  ആരാധകര്‍ താരങ്ങളുടെ ജീവിതത്തില്‍ അതിര്‍വരമ്പുകള്‍ ഓര്‍ക്കണമെന്ന് കോലി പറയുന്നു. ആളുകളെ വിനോദത്തിനായി മാത്രം കാണരുതെന്നും ഇത്തരം പ്രവര്‍ത്തികള്‍ തനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും കോലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. സ്വന്തം ഹോട്ടല്‍ മുറിയില്‍ പോലും സ്വകാര്യതയില്ലെങ്കില്‍ മറ്റെവിടെയാണ് എനിക്കിരിക്കാന്‍ സാധിക്കുക. വ്യക്തിപരമായി ഒരിടം ലഭിക്കാന്‍ ഞാന്‍ എവിടെ പോകണം. സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഇത്തരം പ്രവര്‍ത്തികള്‍ ആരാധകര്‍ ഒഴിവാക്കണമെന്നും കോലി ആവശ്യപ്പെടുന്നു. ഇത്തരം പ്രവര്‍ത്തികള്‍ അപഹാസ്യമാണെന്നും അംഗീകരിക്കാനാകില്ലെന്നും ഡേവിഡ് വാര്‍ണര്‍ വീഡിയോയെക്കുറിച്ച് പ്രതികരിച്ചു. ബോളിവുഡ് താരങ്ങളും കോലിക്ക് പിന്തുണയുമായി രംഗത്തെത്തി. അധാര്‍മികമെന്ന്  അര്‍ജുന്‍ കപൂറും മര്യാദയില്ലാത്ത പ്രവര്‍ത്തിയെന്ന് വരുണ്‍ ധവാനും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തരം താഴ്ന്ന പ്രവര്‍ത്തിയെന്ന് പരിനീതി ചോപ്ര പ്രതികരിച്ചു.  ഹോട്ടല്‍ മുറിയുടെ അകത്തുനിന്നുള്ള ദൃശ്യങ്ങളായിട്ടും  ഹോട്ടല്‍ അധികൃതര്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. 

Indian player Virat Kohli reacts to the release of the footage of his hotel room