റെക്കോഡുകൾ തകർത്ത് വീണ്ടും റൺ മെഷീനായി വിരാട് കോലി; വിമർശകർക്ക് വായടക്കാം

''എനിക്കു വാക്കുകളില്ല. അവിസ്മരണീയമായ അന്തരീക്ഷം, അവിശ്വസനീയമായ ജയം. ഓസ്ട്രേലിയയ്ക്കെതിരെ 2016 ൽ മൊഹാലിയിൽ കളിച്ച ഇന്നിങ്സായിരുന്നു ഇതുവരെ എന്റെ ഏറ്റവും മികച്ച ട്വന്റി20 ഇന്നിങ്സ്. ഇന്നു മുതൽ ഇതാണ്'' പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിന് ശേഷം വിരാട് കോലി പറഞ്ഞ വാക്കുകളാണിത്.

വിമർശനങ്ങളും കുത്തുവാക്കുകളും നിറഞ്ഞ ആയിരത്തിലേറെ ദിനങ്ങൾക്കൊടുവിലാണ് കോലിയുടെ ബാറ്റിൽ നിന്ന് ഒരു സെഞ്ചുറി പിറന്നത്,  ഏഷ്യാകപ്പില്‍ അഫ്ഗാനെതിരെ പുറത്താകാതെ 122 റൺസെടുത്ത് കോലി സെഞ്ചുറി വരൾച്ചയ്ക്ക് വിരാമമിട്ടപ്പോൾ ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരി നമ്മൾ കണ്ടതാണ്. പതിവ് ആഹ്ലാദ പ്രകടങ്ങൾ ഒന്നുമില്ലാതെ ഒരു ചിരിയിൽ ആഘോഷം ഒതുക്കിയപ്പോൾ വിമര്‍ശകരുടെ മുഖത്തേക്കാണ് കോലി നോക്കിയതെന്ന് ഉറപ്പ്.

രാജ്യാന്തര കരിയറിലെ 71-ാം സെഞ്ചുറിയും, ട്വന്റി ട്വന്റി  ലോകകപ്പിൽ പാക്കിസ്ഥാനെതിരെയും നെതർലൻഡ്സിനെതിരെയും തുടര്‍ച്ചയായി അർധ സെഞ്ചുറികളും നേടി കോലി മുന്നേറുമ്പോൾ വിമര്‍ശകര്‍ക്ക് വിശ്രമിക്കാം. അയാള്‍ തിരിച്ചുവന്നിരിക്കുന്നു. ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ, സമ്മര്‍ദങ്ങളില്ലാതെ അവസാനം വരെ പോരാടാന്‍ ക്രിക്കറ്റില്‍ ഇന്നുള്ള ഒരേയൊരു കിങ് താന്‍ തന്നെയെന്ന് തെളിയിച്ചുകൊണ്ട് അയാള്‍ തിരിച്ചുവന്നിരിക്കുന്നു.

ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ 53 പന്തിൽ പുറത്താകാതെ 82 റൺസ് നേടി ഇന്ത്യൻ വിജയശിൽപിയായ കോലി, രണ്ടാം മത്സരത്തിൽ നെതർലൻഡ്സിനെതിരെ പുറത്താകാതെ 62 റൺസെടുത്ത് ടോപ് സ്‌കോറർ ആയി. ഒരു സെഞ്ചുറിക്ക് വേണ്ടിയുള്ള രണ്ടര വര്‍ഷത്തിലേറെയുള്ള കാത്തിരിപ്പിൽ അയാൾക്ക് നഷ്ടമായത് പലതുമായിരുന്നു. ക്യാപ്റ്റന്‍ പദവി മുതൽ  ടീമിലെ സ്ഥാനം വരെ ചോദ്യം ചെയ്യപ്പെട്ട നാളുകൾ, എല്ലാ കോണുകളില്‍നിന്നും വിമര്‍ശനശരങ്ങള്‍, ലോകോത്തര സ്പിന്നറായ ആർ.അശ്വിനെ നിങ്ങൾക്ക് ടീമിനു പുറത്തിരുത്താമെങ്കിൽ ലോകോത്തര ബാറ്ററായ വിരാട് കോലിയെ എന്തുകൊണ്ടു ടീമിൽ നിന്നു മാറ്റിനിർത്തിക്കൂടാ എന്നു ചോദിച്ചത് സാക്ഷാൽ കപിൽ ദേവായിരുന്നു. പാക്കിസ്ഥാനെതിരെ വിജയ റൺ നേടിയ ശേഷം കോലിയുടെ കണ്ണിൽ നിന്ന് ഉതിർന്നുവീണ കണ്ണീരാണ് അതിനുള്ള മറുപടി.

ഇന്നിതാ, കോലി വീണ്ടും റൺ മെഷീനാവുകയാണ്. റെക്കോഡുകൾ തകർക്കുകയാണ്, ട്വന്റി20 ലോകകപ്പിൽ ആയിരത്തിലധികം റൺസ് നേടുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോർഡിന് തൊട്ടരികിലാണ് കോലി. 21 ഇന്നിങ്സുകളിൽ നിന്നായി 989 റൺസ് നേടിക്കഴിഞ്ഞു. മഹേല ജയവര്‍ധനയുടെ റെക്കോര്‍ഡ് മറികടക്കാന്‍ വേണ്ടത് വെറും 28 റണ്‍സ്. ട്വന്റി20 ലോകകപ്പിലെ റൺവേട്ടയിൽ സാക്ഷാല്‍ ക്രിസ് ഗെയ്‍ല്‍ കോലിക്ക് പിന്നിലായിക്കഴിഞ്ഞു. 33 കളികളില്‍ നിന്ന് 34.46 ശരാശരിയിൽ 965 റൺസാണ് ഗെയ്‌ലിന്റെ സമ്പാദ്യം. 989 റണ്‍സ് നേടിയ കോലിയുടെ ശരാശരി കേട്ടാല്‍ ഗെയ്ല്‍ പോലും പതറും. 89.9 . മഹേല ജയവര്‍ധനയുടെ ശരാശരി 52.82 ആണ്. 31 മത്സരങ്ങളിൽനിന്ന് 1016 റൺസാണ് ജയവർധനെയുടെ സമ്പാദ്യം.

രാജ്യാന്തര ട്വന്റി 20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോലിക്കു സ്വന്തം. 111 മത്സരങ്ങളിൽ നിന്നായി 3856 റൺസാണ് കോലിയുടെ സമ്പാദ്യം. രണ്ടാമതുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമ 144 മത്സരങ്ങളിൽനിന്ന് ഇതുവരെ നേടിയത് 3794 റൺസാണ്.

ട്വന്റി20 ലോകകപ്പിലും രാജ്യാന്തര ട്വന്റി20യിലും കൂടുതൽ അർധസെഞ്ചറികളുടെ റെക്കോർഡും കോലിയുടെ പേരിലാണ്. ലോകകപ്പിലെ പന്ത്രണ്ട് ഉള്‍പ്പെടെ രാജ്യാന്തര ട്വന്റി20യിൽ ആകെ 36 തവണയാണ് കോലി അര്‍ധസെഞ്ചുറി കടന്നത്. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മ 33 തവണയും പാക്കിസ്ഥാന്റെ ബാബര്‍ അസം 31 തവണയും ഫിഫ്റ്റി പ്ലസ് സ്കോറുകള്‍ നേടിയിട്ടുണ്ട്. ഡേവിഡ് വാര്‍ണറും മുഹമ്മദ് റിസ്വാനും കെഎല്‍ രാഹുലുമെല്ലാം പിന്നാലെയുണ്ടെങ്കിലും കോലിയുടെ മികവ് ഇവരേക്കൊളൊക്കെ ഒരുപടി മുകളിലാണ്.

ടി20യില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദ് സീരിസ് പുരസ്കാരങ്ങള്‍ നേ‌ടിയതും കോലിയാണ്. 14 മല്‍സരങ്ങളില്‍ മാന്‍ ഓഫ് ദ് മാച്ച് ആയ കോലി ഏഴ് പരമ്പരകളിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.  മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരങ്ങളുടെ എണ്ണത്തില്‍ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് രണ്ടാമത്. തൊട്ടുപിന്നില്‍ രോഹിത് ശര്‍മയുമുണ്ട്.

ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ പുറത്തെടുത്ത ഐതിഹാസിക പ്രകടനത്തിനു പിന്നാലെ, ട്വന്റി20 റാങ്കിങ്ങില്‍ കോലി വീണ്ടും ആദ്യ പത്തിലെത്തി. അഞ്ച് സ്ഥാനങ്ങൾ കയറിയ കോലി ഇപ്പോള്‍ ഒൻപതാമതാണ്. ഏഴുവര്‍ഷം മുന്‍പത്തെ ഒക്ടോബറില്‍ ലോകറാങ്കിങ്ങില്‍ ഒന്നാമതായിരുന്നു കോലി. ആ പദവി തിരിച്ചുപിടിക്കാനുള്ള യാത്രയ്ക്കാണ് അയാള്‍ തുടക്കമിട്ടിരിക്കുന്നത്. ആ മോഹത്തിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ സ്വപ്നം കാണുന്നത് മറ്റൊന്നാണ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു കുട്ടിക്രിക്കറ്റ് ലോകകിരീടം.

Virat Kohli is just a few runs away from breaking this ‘great record’ of T20 World Cup