ബെൻ സ്റ്റോക്സിനെ വെല്ലാൻ ആരുണ്ട്? കാത്തിരിക്കണോ ലോകകപ്പിന്റെ ക്യാച്ചിനായി; വിഡിയോ

ലോകകപ്പ് മത്സരങ്ങൾ സെമി റൗണ്ടിലേക്ക് കടക്കുമ്പോൾ ഏറ്റവും മികച്ച  ക്യാച്ച് ആരുടേതാവും. സംശയിക്കേണ്ട അത് ഒരുപക്ഷേ ബെൻ സ്റ്റോക്സിന്റെ അമാനുഷിക പ്രകടനം തന്നെ ആയേക്കാം. ദക്ഷിണാഫ്രിക്കയുടെ ഫെലൂക്വയെ കൈപ്പിടിയിലാക്കുമ്പോൾ നൂറ്റാണ്ടിന്റെ ക്യാച്ചെന്നാണ് കമന്റേറ്റർമാർ വിളിച്ചു പറഞ്ഞത്. 

ലോകകപ്പിലെ എണ്ണം പറഞ്ഞ ക്യാച്ചുകളിൽ പാകിസ്ഥാൻ ക്യാപ്ടൻ സർഫ്രാസിന്റെയും ന്യൂസിലാൻഡ് താരം ഗപ്ടിലിന്റെയും അതിന് മറുപടിയെന്നോണം സ്റ്റീവ് സ്മിത്തിന്റെയും ക്യാച്ചുകളുണ്ട്. 

അതിവേഗത്തിലെത്തുന്ന പന്തുകളെ കൈപ്പിടിയിലാക്കുന്നതിന് ചില്ലറ പ്രതിഭ പോരെന്ന് തെളിയിക്കുന്നതായിരുന്നു കോഡ്രലിന്റെ പറക്കും ക്യാച്ച്. ബൗണ്ടറിയിലേക്ക് സ്റ്റീവ് സ്മിത്ത് പറത്തിയ ആ പന്തിനെ എത്ര വിദഗ്ധമായാണ് കോഡ്രൽ കൈക്കുള്ളിലാക്കിയത്.

തീർന്നിട്ടില്ല, ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വായുവിൽ ഉയർന്ന് പറന്ന് രവീന്ദ്ര ജഡേജ കൈക്കുള്ളിൽ ഒതുക്കിയ പന്ത്! കളിയിൽ ഇന്ത്യ തോറ്റെങ്കിലും ആ ക്യാച്ചിന്റെ സന്തോഷം ആരാധകരിൽ നിറഞ്ഞ് നിന്നിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ വിൻഡീസ് താരം ഫാബിയൻ അലന്റേതായിരുന്നു ലോകകപ്പിലെ മികച്ച മറ്റൊരു ക്യാച്ച്. പന്ത് കൈപ്പിടിയിലാക്കിയ ശേഷം സന്തോഷം കൊണ്ട് അലറി വിളിച്ച ഫാബിയനെ എങ്ങനെ കളിപ്രേമികൾ മറക്കും?. സെമിയിലും ഫൈനലിലും കൂടുതൽ മനോഹരമായ ക്യാച്ചുകൾ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.