ബുമ്രയുടെ പന്തുകൊണ്ടിട്ടും സ്റ്റംപിന് ‘അനങ്ങാപ്പാറ നയം’; അവിശ്വസനീയം !

ക്രിക്കറ്റ് മൈതാനങ്ങളിൽ ബാറ്റ്സ്മാനെ പുറത്താക്കാൻ ബോളർക്കുള്ള ഏറ്റവും ലളിതമായ മാർഗമെന്താണ്? സ്റ്റംപ് എറിഞ്ഞിടുക എന്നതുതന്നെ. 140 കിലോമീറ്റർ വേഗത്തിനു മുകളിൽ പന്തെറിഞ്ഞിട്ടും സ്റ്റംപ് ഇളകുന്നില്ലെങ്കിലോ? ഇംഗ്ലണ്ട് ലോകകപ്പിൽ സംഭവിക്കുന്നതും അതാണ്. പന്തു കൊണ്ടിട്ടും ബെയ്‌ൽസ് ഇളകിവീഴാത്ത സംഭവങ്ങൾ പതിവായതോടെ ലോകകപ്പിൽ ഉപയോഗിക്കുന്ന എൽഇഡി സ്റ്റംപുകൾക്കെതിരെ പരാതിയും വ്യാപകമാവുകയാണ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, ഓസീസ് നായകൻ ആരോൺ ഫിഞ്ച്, മുൻ താരങ്ങളായ ശുഐബ് അക്തർ, മൈക്കൽ വോൺ, നാസർ ഹുസൈൻ തുടങ്ങിയവരും വിമർശനവുമായി രംഗത്തെത്തി.

അതിവേഗ ബോളർമാരുടെ പന്തു കൊണ്ടിട്ടുപോലും ബെയ്‍ൽസ് വീഴുന്നില്ലെന്നാണ് പരാതി. ഇന്ത്യ–ഓസ്ട്രേലിയ മൽസരത്തിലാണ് ഏറ്റവും ഒടുവിൽ ഇത്തരമൊരു സംഭവമുണ്ടായത്. ജസ്പ്രീത് ബുമ്രയുടെ പന്ത് സ്റ്റംപിൽ തട്ടിയെങ്കിലും ബെയ‌്‌ൽസ് വീണില്ല. ക്രിക്കറ്റ് ചട്ടമനുസരിച്ച് ബെയ്‍ൽസ് താഴെവീണാലേ ബാറ്റ്സ്മാൻ പുറത്താകൂ. അങ്ങനെ ഡേവിഡ് വാർണർ ഔട്ടിൽനിന്നു രക്ഷപ്പെടുകയും ചെയ്തു.

ലോകകപ്പിലെ ആദ്യത്തെ 13 മൽസരങ്ങളിൽ അഞ്ചു തവണയാണ് സമാനമായ സംഭവമുണ്ടായത്. കഴിഞ്ഞ സീസൺ ഐപിഎല്ലിലും സിങ് ബെയ്‍ലുകൾ വീഴാത്തത് വിവാദമായിരുന്നു. മൽസരത്തിനു പിന്നാലെ പരാതിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും രംഗത്തെത്തി. പന്തു കൊള്ളുമ്പോൾ ലൈറ്റ് കത്തിയിട്ടും ബെയ്ൽസ് വീണു പോകാത്ത കാര്യം തന്നെയാണ് കോലിയും ഫിഞ്ചും ചൂണ്ടിക്കാട്ടിയത്.

‘‘എനിക്ക് അദ്ഭുതം തോന്നി. കാരണം ബുമ്ര അതിവേഗത്തിൽ എറിയുന്ന ബോളറാണ്. എന്നിട്ടും..’’– കോലി പറഞ്ഞു. മുൻ മത്സരങ്ങളിൽ തങ്ങൾക്കുണ്ടായ അനുഭവങ്ങളാണ് ഫിഞ്ചിനെ ചൊടിപ്പിച്ചത്. ലൈറ്റിങ് സംവിധാനത്തിനു വേണ്ടി ബെയ്ൽസിനുള്ളിൽ വയറുകൾ ഉൾപ്പെടെ പിടിപ്പിക്കുമ്പോൾ ഭാരം കൂടുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് വിലയിരുത്തൽ. അതിനിടെ, ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചറിന്റെ പന്ത് സ്റ്റംപിൽ കൊണ്ട് നിലം തൊടാതെ സിക്സർ പറക്കുന്ന അപൂർവ കാഴ്ചയും ബംഗ്ലദേശിനെതിരായ മൽസരത്തിൽ കണ്ടു.

സ്റ്റംപിളകാത്ത അഞ്ച് എപ്പിസോഡുകൾ

1. ഓവലിൽ നടന്ന ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക മൽസരത്തിലാണ് സ്റ്റംപുകൾ ആദ്യമായി ‘അനങ്ങാപ്പാറ നയം’ വ്യക്തമാക്കിയത്. ഇംഗ്ലണ്ട് ലെഗ് സ്പിന്നർ ആദിൽ റഷീദിന്റെ പന്ത് ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡികോക്കിന്റെ ഓഫ് സ്റ്റംപിൽ തട്ടി. ബെയ്ൽസ് ഇളകിയില്ലെന്നു മാത്രമല്ല, പന്തു നേരെ ബൗണ്ടറി കടക്കുകയും ചെയ്തു.

2. കാഡിഫിൽ നടന്ന ന്യൂസീലൻഡ് – ശ്രീലങ്ക മൽസരത്തിനിടെയാണ് രണ്ടാമത്തെ സംഭവം. ന്യൂസീലൻഡ് പേസ് ബോളർ ട്രെന്റ് ബോൾട്ടിന്റെ പന്ത് ശ്രീലങ്കൻ ഓപ്പണർ കൂടിയായ ക്യാപ്റ്റൻ ദിമുത് കരുണരത്‍നെയുടെ ബാറ്റിൽത്തട്ടി സ്റ്റംപിലേക്ക്. ബെയ്‌ൽസ് ഇക്കുറിയും തൽസ്ഥാനത്തുതന്നെ!.

3. ട്രെന്റ്ബ്രിജിലെ ഓസ്ട്രേലിയ – വെസ്റ്റിൻഡീസ് മൽസരം. 91 മൈൽ വേഗത്തിലെത്തിയ ഓസീസ് പേസ് ബോളർ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് ‘ഠിക്’ ശബ്ദത്തോടെ വിക്കറ്റ് കീപ്പറിന്റെ കൈകളിൽ. ബാറ്റിൽ കൊണ്ടതെന്ന ധാരണയിൽ ക്യാച്ചിനായി ഓസീസ് താരങ്ങളുടെ അപ്പീൽ. ശബ്ദം വ്യക്തമായിക്കേട്ട അംപയറും ഔട്ട് വിധിച്ചു. ബാറ്റിൽ പന്തു തട്ടിയിട്ടില്ലെന്ന ഉറപ്പിൽ ഗെയ്‍ൽ റിവ്യൂ ആവശ്യപ്പെട്ടു. റീപ്ലേയിൽ പന്തു കൊണ്ടത് സ്റ്റംപിൽ. ബെയ്‍‌സ്ൽസ് ഇക്കുറിയും അനങ്ങിയില്ല

4. കാഡിറിൽ ഇംഗ്ലണ്ട് – ബംഗ്ലദേശ് മൽസരം. ഇക്കുറിയും നഷ്ടം ഇംഗ്ലണ്ടിന്. മൽസരത്തിനിടെ ഇംഗ്ലിഷ് താരം ബെൻ സ്റ്റോക്സിന്റെ പന്ത് ബംഗ്ലദേശ് താരം മുഹമ്മദ് സയ്ഫുദ്ദീന്റെ ബാറ്റിൽത്തട്ടി സ്റ്റംപിലേക്ക്. ബെയ്‍ൽസ് ഒന്ന് ഇളകിയെങ്കിലും സ്റ്റംപിൽത്തന്നെ ഭദ്രം

5. ഓവലിൽ ഇന്ത്യ – ഓസ്ട്രേലിയ മൽസരം. ഇന്ത്യയുടെ അതിവേഗ ബോളർ ജസ്പ്രീത് ബുമ്രയുടെ പന്ത് ഓസീസ് ഓപ്പണർ ഡേവിഡ് വാർണറിന്റെ ബാറ്റിൽത്തട്ടി സ്റ്റംപിലേക്ക്. ഇത്തവണയും ബെയ്‍ൽസ് ഇളകിയില്ല. അവിശ്വസനീയതയോടെ ബുമ്ര. അതിലും അവിശ്വസനീയതയോടെ വാർണർ!

∙ പരിശോധിക്കുമെന്ന് നിർമാണ കമ്പനി 

പന്തു സ്റ്റംപിൽ കൊണ്ടാലും ബെയ്‌ലുകൾ വീഴാത്ത സംഭവം ലോകകപ്പിൽ പതിവായത് അസാധാരണമാണെന്ന് ‘സിങ്’ വിക്കറ്റ് സിസ്റ്റത്തിന്റെ നിർമാതാക്കൾ. സംഭവം പരിശോധിച്ചു വരികയാണെന്ന് ഓസ്ട്രേലിയൻ കമ്പനിയായ സിങ്ങിന്റ ഡയറക്ടർ ഡേവിഡ് ലിഗർട്‍വുഡ് അറിയിച്ചു. ആയിരത്തിലേറെ മത്സരങ്ങളിൽ ഇതിനകം സിങ് ബെയിലുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും തുടരെ പ്രശ്നങ്ങളുണ്ടായിട്ടില്ല. ആവശ്യമെങ്കിൽ നിലവിലുള്ള സംവിധാനത്തിൽ മാറ്റും വരുത്തുമെന്നും ലിഗർട്‌വുഡ് പറഞ്ഞു.