ഗ്ലൗസിലെ സൈനിക ചിഹ്ന വിവാദം; ബിസിസിഐ ആവശ്യം തള്ളി ഐസിസി

ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലെ സൈനിക ചിഹ്നം ഒഴിവാക്കണമെന്ന് ഐസിസി. ഇത് അനുവദിക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി. മുന്‍കൂര്‍ അനുവാദമില്ലാതെ സന്ദേശങ്ങള്‍പതിച്ച വസ്ത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് നടപടി.  എന്നാല്‍ ധോണി ഉപയോഗിച്ചത് യഥാര്‍ഥ സൈനിക മുദ്രയല്ലെന്നും അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചിഹ്നമാണെന്നുമാണ് ബിസിസിഐ നിലപാട്

ഇന്ത്യന്‍ പാരച്യൂട്ട് റെജിമെന്‍റിന്‍റെ ചിഹ്നമായ ബലിദാന്‍ ബാഡ്ജ് പതിച്ച കീപ്പിങ് ഗ്ളൗസ് ഉപയോഗിക്കാന്‍ ധോണിയെ അനുവദിക്കണമെന്നായിരുന്നു ബിസിസിഐയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി, ഭരണസമിതി തലവന്‍ വിനോദ് റായ് അയച്ച കത്ത് ഐസിസി തള്ളി.  മുന്‍കൂര്‍ അനുവാദമില്ലാതെ സന്ദേശങ്ങള്‍പതിച്ച വസ്ത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ചട്ടം. താരങ്ങള്‍ക്കോ, ടീം അംഗങ്ങള്‍ക്കോ വ്യക്തിപരമായ സന്ദേശങ്ങളോ, ചിത്രങ്ങളോ വസ്ത്രത്തില്‍ ഉപയോഗിക്കാനും പാടില്ല. അതിനാല്‍ ധോണിക്ക് പ്രത്യേകം അനുമതി നല്‍കാനാകില്ലെന്നും ഐസിസി കടുപ്പിച്ചുപറ‍​ഞ്ഞു.  ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യമല്‍സരത്തിലാണ് ഇന്ത്യന്‍ പാരച്യൂട്ട് റെജിമെന്‍റിന്‍റെ ചിഹ്നമായ ബലിദാന്‍ ബാഡ്ജ് പതിച്ച കീപ്പിങ് ഗ്ളൗസ് ധോണി ഉപയോഗിച്ചത്. 

‌ഇന്ത്യന്‍ പാരച്യൂട്ട് റെജിമെന്‍റ് ഓണററിയായി ധോണിക്ക്  ലെഫ്നന്‍റ് കേണല്‍ പദവി നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ രാജ്യാന്തരതലത്തില്‍ ഇത് ചര്‍ച്ചയായിരുന്നു. അതേസമയം, ഐസിസിക്കെതിരെ ഇന്ത്യന്‍ ആരാധകര്‍ വന്‍ പ്രതിഷേധത്തിലാണ്.