സ്പോർട്സ് ക്ലബ്ബ് അവാര്‍ഡ് പട്ടികയില്‍ കൊച്ചി ഏലൂർ എഫ്എഫ് അക്കാദമിയും

കേരളത്തിലെ മികച്ച സ്പോർട്സ് ക്ലബ്ബിനുള്ള മലയാള മനോരമ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ കൊച്ചി ഏലൂർ എഫ്എഫ് അക്കാദമിയും . ഫുട്ബോളിലെ പുതിയ താരോദയങ്ങൾക്കായി ഫാക്ടിലെ തന്നെ മുൻ കളിക്കാർ രൂപം നൽകിയ കളരിയാണ് എഫ്എഫ് അക്കാദമി.സാന്റാമോണിക്ക ഹോളി യ്‌സുമായി സഹകരിചാണ് മലയാള മനോരമ മികച്ച ക്ലബിന് പുരസ്കരം നൽകുന്നത് .

കേരളത്തിൽ കാൽപ്പന്തിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് ഉദ്യോഗമണ്ഡൽ ഫാക്ട് മൈതാനം. ഒളിംപിക്സിൽ ഗോളടിച്ച അവസാന ഇന്ത്യക്കാരൻ സൈമൺ സുന്ദർരാജും കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി സമ്മാനിച്ച ക്യാപ്റ്റൻ മണിയും ഉൾപ്പടെയുള്ള വിഖ്യാത താരങ്ങളുടെ തട്ടകം. രാസവള വ്യവസായത്തിന്റെ മറുപേരായ ഫാക്ട് പ്രതിസന്ധിയിലായതിനെത്തുടർന്ന് കായിക വിഭാഗം തന്നെ തന്നെ പിരിച്ചുവിട്ടതോടെ കളിയാവേശം പടിയിറങ്ങി . 2013 ഏപ്രിലിൽ 40 കുട്ടികളുമായി ആരംഭിച്ച അക്കാദമിയിൽ ഇപ്പോൾ വിവിധ വിഭാഗങ്ങളിലായി പരിശീലിക്കുന്നതു മുന്നൂറോളം പേർ. 1991ൽ സന്തോഷ് ട്രോഫിയിൽ റണ്ണേഴ്സ്അപ്പായ കേരള ടീമിലെ മധ്യനിരക്കാരനായിരുന്ന ഫാക്ട് താരം വാൾട്ടർ ആന്റണിയാണ് എഫ്എഫ് അക്കാദമിയുടെ മുഖ്യ ശിൽപ്പികളിലൊരാൾ.

ഫാക്ട് മാനേജ്മെന്റിന്റെയും ഫാക്ട് സ്പോർട്സ് അസോസിയഷന്റെയും പിന്തുണയാണ് ക്ലബ്ബിന്റെ കരുത്തു .ബാസ്കറ്റ്ബോൾ, വോളിബോൾ പരിശീലനം കൂടി ആരംഭിക്കുകയാണ് അടുത്ത ലക്ഷ്യം.