ബലാത്സംഗക്കേസിൽപ്പെട്ട താരം കിവീസ് ടീമിൽ; മത്സരത്തിനിടെ 'മീ ടു' ബാനറുകൾ

ഓക്‌ലാൻഡില്‍ നടന്ന ഇന്ത്യ–ന്യൂസിലാൻഡ് മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ഉയർന്ന് മീ ടു വിവാദവും. രണ്ടാം ട്വന്റി 20 മത്സരത്തിൽ ന്യൂസിലാൻഡ് ഓൾറൗണ്ടർ സ്കോട്ട് കുഗ്ഗെലെയ്‌നെ ടീമിലെടുത്തതിനെച്ചൊല്ലിയാണ് വിവാദം. 2015ൽ താരത്തിനെതിരെ ബലാത്സംഗക്കേസ് ചുമത്തിയിരുന്നു. 

തുടർന്ന് ഈഡൻ പാർക്കിൽ മീ ടു ബാനറുകളുയർത്തി പ്രതിഷേധമായി. കേസ് ചുമത്തിയതിന് പിന്നാലെ രണ്ടുവർഷത്തെ വിചാരണക്ക് ശേഷം 2017ൽ കുഗ്ഗെലെയ്നെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിടുകയും ചെയ്തു. 

ബലാത്സംഗക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം 2017 മെയ് 14 നാണ് കുഗ്ഗെലെയ്ൻ ന്യൂസിലാൻഡിനായി അരങ്ങേറ്റം കുറിച്ചത്. ഓക്‌ലാൻഡിൽ നടന്ന രണ്ടാം മത്സരത്തിൽ 3.5 ഓവർ ബൗൾ ചെയ്യുകയും ചെയ്തു. 

ആദ്യ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ കാണപ്പെട്ട മീ ടു ബാനറുകൾ അധികൃതർ നീക്കം ചെയ്തിരുന്നു. ബാനറുമായെത്തിയ യുവതിയെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇത് വിവാദമായതോടെ ഇത്തരം പോസ്റ്ററുകൾ സ്റ്റേഡിയത്തിൽ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. 

ഇതിന് പിന്നാലെ ഓക്‌ലാൻഡിലും സമാന ബാനർ പ്രത്യക്ഷപ്പെട്ടു. 'ന്യൂസിലാൻഡ് ക്രിക്കറ്റ് ഉണരൂ' എന്നായിരുന്നു ബാനറിലെ എഴുത്ത്.