പീഡന പരാതി: ‘ഇന്‍ക്ഫെക്റ്റഡ് ടാറ്റൂ’വില്‍ പൊലീസ് പരിശോധന; പ്രതിക്കായി തിരച്ചിൽ

ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് കൊച്ചി ഇടപ്പള്ളിയിലെ ‘ഇന്‍ക്ഫെക്റ്റഡ് ടാറ്റൂ’വില്‍ പൊലീസ് പരിശോധന. ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരെ അഞ്ച് യുവതികളാണ്  പരാതി നല്‍കിയത്. അതേസമയം, സുജീഷ് എവിടെയാണെന്ന് സൂചന ലഭിച്ചതായും അറസ്റ്റ് ഉടെന്നും കൊച്ചി കമ്മിഷണർ അറിയിച്ചു. സുജീഷിനെതിരെ ബലാത്സംഗത്തിന് അഞ്ചു കേസുകൾ റജിസ്റ്റർ ചെയ്തു. കൊച്ചിയിലെ ടാറ്റൂ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം.

മീറ്റൂ ആരോപണങ്ങൾക്ക് പിന്നാലെയാണ് കൊച്ചി ഇടപ്പള്ളിയിലെ ഇൻക്ഫെക്റ്റെഡ് ടാറ്റൂ സ്റ്റുഡിയോയിലെ കലാകാരൻ സുജീഷിനെതിരെ യുവതികൾ പൊലീസിന് പരാതി നൽകിയത്.  ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് ലൈംഗികമായി ഉപദ്രവിച്ചു എന്ന പരാതികളിൽ അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു. ആറാമത് ഒരു കേസുകൂടി ഉടൻനെടുക്കും. ഒളിവിൽ പോയ സുജീഷിന്റെ അറസ്റ്റ് വൈകില്ലെന്ന് കമ്മിഷണർ. കേസിൽ ഇടപെട്ട വനിതാകമ്മിഷൻ യുവതികൾക്ക് ആവശ്യമായ നിയമസഹായം നൽകുമെന്ന് വ്യക്തമാക്കി.

സുജീഷ് ബെഗളൂരുവിലേക്ക് കടന്നതായാണ് സൂചന. ആരോപണങ്ങൾ ഉയർന്നതു മുതൽ ഇൻക്ഫെക്റ്റെഡ് ടാറ്റൂ സ്റ്റുഡിയോ പൂട്ടിയ അവസ്ഥയിലാണ്. സ്റ്റുഡിയോയിലെ ജീവനക്കാരെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. നോർത്ത് വനിതാ സ്റ്റേഷനിൽ യുവതികളുടെ മൊഴിയെടുത്ത ശേഷമാണ് കേസ് റജിസ്റ്റർ ചെയ്തത്. വൈദ്യ പരിശോധനയും പൂർത്തിയാക്കി.