ടാറ്റൂ കലാകാരനെതിരായ ‘മീ ടൂ’ ആരോപണം; പരാതി ലഭിച്ചാലുടൻ കേസെടുക്കും: കമ്മിഷണര്‍

കമ്മിഷണര്‍ സി. എച്ച് നാഗരാജു

കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് ബലാല്‍സംഗം ചെയ്തെന്ന ‘മീറ്റൂ’ ആരോപണങ്ങളില്‍  പരാതിലഭിച്ചാലുടന്‍ കേസെടുക്കുമെന്ന് കമ്മിഷണര്‍. അതിജീവിതകളുമായി പൊലീസ് സംസാരിക്കുന്നുണ്ട്. ഫോണിലൂടെ  പരാതി ലഭിച്ചാല്‍പ്പോലും  കേസെടുക്കുമെന്നും കമ്മിഷണര്‍ സി. എച്ച് നാഗരാജു മനോരമ ന്യൂസിനോട് പറ‍ഞ്ഞു.  അതേസമയം ദുരനുഭവം നേരിട്ട പെൺകുട്ടികൾ ഒരുമിച്ച് ചേർന്ന് രണ്ട് ദിവസത്തിനുള്ളിൽ പരാതിപ്പെടാൻ ആലോചിക്കുന്നുണ്ട്. 

കൊച്ചിയിലെ സെലിബ്രിറ്റി ടാറ്റൂ ആർട്ടിസ്റ്റിനെതിരെയാണ്  പീഡന ആരോപണമുണ്ടായത്. ടാറ്റു ചെയ്യാനെത്തിയപ്പോൾ ബലാൽസംഗം ചെയ്തു എന്ന് പെൺകുട്ടി സമൂഹമാധ്യമമായ റെഡിറ്റിലൂടെ  ആരോപിക്കുകയായിരുന്നു. പിന്നാലെ ഇതേ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ നിരവധി പെൺകുട്ടികൾ ആരോപണവുമായി എത്തി. എന്നാൽ ഇതുവരെ ആരും പൊലീസിനെ സമീപിച്ചിട്ടില്ല. പരാതി ലഭിച്ചാലുടൻ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണർ.

ഒരാഴ്ച മുന്നെ നേരിട്ട പീഡനമാണ് പെണ്‍കുട്ടി റെഡിറ്റില്‍ കുറിച്ചത്. ഒരു വര്‍ഷം മുന്‍പും രണ്ട് വര്‍ഷം മുന്‍പും ഇതേ ടാറ്റൂ സെന്ററില്‍ നിന്ന് ദുരനുഭവം നേരിട്ടവർ‍‍‍‍‍‍‍‍‍‍‍ പിന്നാലെയെത്തി. കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിവരെയുണ്ട്. പെൺകുട്ടികളെല്ലാം ഒരുമിച്ച് ചേർന്ന് ഉടൻ പരാതി നൽകാൻ ആലോചിക്കുന്നുണ്ട്. ടാറ്റൂ ചെയ്യാനായി പെണ്‍കുട്ടികളെ മുറിയിലേക്ക് ക്ഷണിച്ചശേഷം മുറി അകത്ത് നിന്ന് അടയ്ക്കും. മറ്റാരെയും പ്രവേശിപ്പിക്കില്ല. വരച്ചുതുടങ്ങുമ്പോഴാണ് മോശമായി പെരുമാറുന്നത്. നടന്നതെന്താണെന്ന് ഒരാള്‍ തുറന്നുപറഞ്ഞപ്പോഴാണ് ടാറ്റൂ കലാകാരന്റെ തനിസ്വഭാവം തിരിച്ചറിഞ്ഞെതെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ആരോപണങ്ങളുയർന്നതോടെ ടാറ്റൂ ആർട്ടിസ്റ്റ് ഒളിവിൽ പോയി.