കോഹ്‌ലി ലോകകപ്പ് ഇന്ത്യയിലെത്തിക്കുമോ? ഈ കണക്കുകള്‍ ടീം ഇന്ത്യക്ക് ഒപ്പം: ആവേശം

മൂന്നുമാസങ്ങള്‍ കഴിഞ്ഞാല്‍ ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പ് ക്രിക്കറ്റ് അരങ്ങേറും. വേദി ഇംഗ്ലണ്ട്, തണുത്തകാലാവസ്ഥ, പന്ത് സ്വിങ് ചെയ്യും, പേസ് ബോളര്‍മാര്‍ക്ക് അനുകൂല സാഹചര്യം. സമീപകാലത്ത് ഇംഗ്ലണ്ടില്‍ ഇന്ത്യ തിളങ്ങിയില്ലെങ്കിലും 2015 ലോകകപ്പിനു ശേഷം ഏകദിനങ്ങളില്‍ കൂടുതല്‍ വിജയം നേടിയത് ഇന്ത്യ തന്നെ. ഇപ്പോഴിതാ ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡ‍ിലും ഏകദിന പരമ്പര നേടി ഉജ്വല ഫോമിലും.

വിജയങ്ങളില്‍ മുന്നില്‍

2015 ലോകകപ്പിനുശേഷം നടന്ന ഏകദിനങ്ങളില്‍ ഇന്ത്യയുടെ വിജയശതമാനം 67 ആണ്. 53 മല്‍സരങ്ങള്‍ ജയിച്ച് ഒന്നാംസഥാനത്താണ് ഇന്ത്യ നില്‍ക്കുന്നത്. ഇന്ത്യ തോല്‍പിച്ചവരില്‍ ഓസ്ട്രേലിയയും ന്യൂസീലന്‍‌ഡും വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെടുന്നു. ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ നില്‍ക്കുന്നത് ലോകകപ്പിന്റെ ആതിഥേയരായ ഇംഗ്ലണ്ടാണ്. 66.23 ആണ് വിജയശതമാനം. 2015നുശേഷം ഇംഗ്ലണ്ട് 51 ഏകദിനങ്ങളില്‍ വിജയിച്ചു.

ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ശേഷം മറ്റൊരു ടീമിനും അന്‍പതില്‍ കൂടുതല്‍ ജയം അവകാശപ്പെടാനില്ല. ഇന്ത്യയ്ക്ക് ഏറ്റവും അധികം വെല്ലുവിളിയാകുക മൂന്നാംസ്ഥാനത്ത് 41ജയങ്ങളോടെ ദക്ഷിണാഫ്രിക്കയാണ് നില്‍ക്കുന്നത്. ഏറ്റവും നിരാശപ്പെടുത്തിയത് നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയും മുന്‍ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസുമാണ്. ഓസ്ട്രേലിയ 2015നുശേഷം ജയിച്ചത് 29മല്‍സരം മാത്രം, വിജയശരാശരി 43.94ലുമാണ്. വിന്‍ഡീസാവട്ടെ ജയിച്ചത് 15മല്‍സരം മാത്രം. വിന്‍ഡീസ് സിംബാബ്്വെയ്ക്കും അയര്‍ലന്‍ഡിനും പിന്നിലാണ് നില്‍ക്കുന്നത്.

പേസില്‍ കരുത്ത്


മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ,ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്,ഇഷാന്ത് ശര്‍മ,ഖലീല്‍ അഹമ്മദ് എന്നിവരാണ് പേസ് ബോളിങ്ങില്‍ ഇന്ത്യയുടെ കരുത്ത്. ഇംഗ്ലണ്ടില്‍ സ്വിങ് ബോളിങ്ങിന് അനുകൂലമായ അന്തരീക്ഷത്തില്‍ ഇന്ത്യയുടെ ഈ പേസ് നിര നാശം വിതയ്ക്കുമെന്ന് ഓസ്ട്രേലിയന്‍ പര്യടനവും ന്യൂസീലന്‍ഡ് പര്യടനവും തെളിയിക്കുന്നു. ഇംഗ്ലണ്ടിലും ഇവര്‍ വിക്കറ്റ് വീഴ്ത്തിയെങ്കിലും ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലും ആ കുറവ് ഇന്ത്യ പരിഹരിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച പേസ് നിര എന്ന് മുന്‍കാല താരങ്ങള്‍ വിശേഷിപ്പിച്ചുകഴിഞ്ഞു. ഇവര്‍ക്ക് ഒപ്പം ഹര്‍ദിക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും ഓള്‍റൗണ്ട് മികവും അശ്വിന്റെയും ചാഹലിന്റെയും കുല്‍ദീപ് യാദവിന്റെയും സ്പിന്നും ചേരുമ്പോള്‍ കിരീടം ഇന്ത്യയ്ക്ക് അകലെയല്ല.