ബി.സി.സി.ഐ ക്യൂറേറ്റർ കൃഷ്ണഗിരിയിയിൽ; കേരളം-വിദർഭ രഞ്ജി ട്രോഫിക്ക് പിച്ചൊരുങ്ങുന്നു

വ്യാഴാഴ്ച നടക്കുന്ന കേരളം -വിദർഭ രഞ്ജി ട്രോഫി  സെമിഫൈനലിനു മുന്നോടിയായി ബി.സി.സി.ഐ ക്യൂറേറ്റർ കൃഷ്ണഗിരിയിലെത്തി. ബോളർമാരെയും ബാറ്റ്‌സ്മാന്മാരെയും ഒരുപോലെ തുണയ്ക്കുന്ന പിച്ചായിരിക്കും സെമിഫൈനലിന് ഒരുക്കുക എന്നാണ്  സൂചന. വിദർഭ ടീം ഇന്ന് വയനാട്ടിലെത്തും.

ബിസിസിഐ ക്യൂറേറ്റർ ആശിഷ് ഭൗമിക് കൃഷ്ണഗിരി മൈതാനത്ത് മൂന്ന്  മണിക്കൂറോളം ചിലവഴിച്ചു . പേസ് ബോളർമ്മാർക്ക് നിർലോഭ പിന്തുണ ലഭിച്ച ക്വർട്ടർ ഫൈനൽ മത്സരം മൂന്ന് ദിനം കൊണ്ട് അവസാനിച്ചിരുന്നു.തോല്‍വിക്കു പിന്നാലെ പിച്ചിനെ വിമര്‍ശിച്ച് ഗുജറാത്ത് ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേല്‍ രംഗത്തെത്തുകയും ചെയ്തു . മത്സരം നടന്ന പിച്ച് രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിന് യോജിച്ചതല്ലെന്നായിരുന്നു പാര്‍ഥിവിന്റെ വാദം . സെമി ഫൈനലിനു ബോളിങ്ങിനെയും ബാറ്റിങ്ങിനെയും ഒരുപോലെ തുണയ്ക്കുന്ന പിച്ചാണ് ഒരുക്കുകയെന്നാണ് സൂചന .

ഉത്തരാഖണ്ഡിനെ ഇന്നിങ്സിനും 115 റൺസിനും തകർത്തു വിട്ടാണ് വിദർഭയുടെ സെമി പ്രവേശം. കഴിഞ്ഞ തവണ ക്വാർട്ടർ ഫൈനലിൽ വിദർഭയോടായിരുന്നു കേരളം തോറ്റത് .ടീം ഇന്ന് വൈകുന്നേരത്തോടെ വയനാട്ടിലെത്തും. കേരള ടീം വയനാട്ടിൽ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട് .ഇരു ടീമും നാളെ രാവിലെ പരിശീലനത്തിനിറങ്ങും.