വിവാഹമില്ല; പ്രണയം തകർന്ന് മറഡോണ; 28കാരി കാമുകി വീട്ടിൽ നിന്ന് ഇറക്കി വിട്ടു

28 കാരിയായ റോസിയോ ഒളീവയും ഇതിഹാസതാരം മറഡോണയുമായി ആറു വർഷകാലം നീണ്ടുനിന്ന പ്രണയം തകർന്നു. ആദ്യ ഭാര്യ ക്ലോഡിയ വില്ലാഫെയ്നുമായുള്ള 17 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് മറഡോണ ഒളീവയുമായി അടുത്തത്. തനിക്കു സ്നേഹസമ്മാനമായി മറഡോണ ബ്യൂനസ് ഐറിസിൽ നൽകിയ വീട്ടിൽ നിന്ന് റോസിയോ മറഡോണയെ പുറത്താക്കി. 

മറഡോണയുമായുളള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ഒളീവ അർജന്റീനയിലെ മാധ്യമപ്രവർത്തകനായ ലിയോ പെക്കാറാറോയോടാണ് വെളിപ്പെടുത്തിയത്. ഒരാഴ്ചയോളം നീണ്ട നിരന്തര കലഹത്തെ തുടർന്നാണ് ബന്ധം വേർപിരിയാൻ ആലോചിച്ചതെന്ന് ഒളീവ പറയുന്നു. റഷ്യൻ ലോകകപ്പിൽ തന്നോടൊപ്പമുണ്ടായിരുന്ന ഒളിവയ്ക്ക് മറഡോണ ഈയിടെ മോതിരം കൈമാറിയിരുന്നു. 

മുൻ ഫുട്ബോൾ താരമായ ഒളിവ അർജന്റീനയിലെ ക്ലബിനു വേണ്ടി കളിക്കുന്നതിനിടെ 2012ലാണ് മറഡോണയെ കണ്ടുമുട്ടിയത്. ഇപ്പോൾ മെക്സിക്കൻ ക്ലബിന്റെ പരിശീലകനാണ് 58കാരനായ മറഡോണ. ഇരുവരും തമ്മിലുള്ള വിവാഹം അടുത്തു തന്നെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് വേര്‍പിരിയല്‍.